ദമാം – സൗദി അറേബ്യയിലെ ഖത്തീഫിൽ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി വധിച്ച സംഘത്തിലെ ഭീകരന് വധശിക്ഷ നടപ്പാക്കി. ഖത്തീഫ് കോടതി ഔഖാഫ്, അനന്തരാവകാശ ബെഞ്ച് ജഡ്ജി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജീറാനിയെ തട്ടിക്കൊണ്ടുപോയി വധിച്ചതില്‍ പങ്കുള്ള ഭീകരൻ സൗദി പൗരനായ ജലാല്‍ ബിന്‍ ഹസന്‍ ബിന്‍ അബ്ദുല്‍കരീം ലബാദിന് കിഴക്കന്‍ പ്രവിശ്യയില്‍ ആണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. ഒമ്പതു വര്‍ഷം മുമ്പാണ് ജലാല്‍ ബിന്‍ ഹസന്‍ ബിന്‍ അബ്ദുല്‍കരീം ലബാദും മറ്റേതാനും ഭീകരരും ചേര്‍ന്ന് ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ തട്ടിക്കൊണ്ടുപോയി വധിച്ചത്.
വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തുകയും ബോംബുകള്‍ എറിയുകയും ചെയ്ത പ്രതിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ശിയാ വിഭാഗത്തില്‍ പെട്ട ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ 2016 ഡിസംബറിലാണ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍അവാമിയയിലെ താറൂത്ത് ഗ്രാമത്തിലെ വീടിനു മുന്നില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി കുടുംബം സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെയാണ് കേസിന് ആഭ്യന്തര മന്ത്രാലയം തുമ്പുണ്ടാക്കിയത്. 2017 ഡിസംബറില്‍ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
സുരക്ഷാ വകുപ്പുകളുടെ പിടിയിലായ സൗദി പൗരന്‍ സക്കി മുഹമ്മദ് സല്‍മാന്‍ അല്‍ഫറജും സഹോദരനും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്ത സല്‍മാന്‍ ബിന്‍ അലി അല്‍ഫറജും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന മറ്റു ഭീകരരായ മുഹമ്മദ് ഹുസൈന്‍ അലി ആലുഅമ്മാറും മൈഥം അലി മുഹമ്മദ് അല്‍ഖുദൈഹിയും അലി ബിലാല്‍ സൗദ് അല്‍ഹമദും ചേര്‍ന്നാണ് ജഡ്ജിയെ തട്ടിക്കൊണ്ടുപോയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അന്ന് അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിടികിട്ടാനുള്ള ഭീകരരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പത്തു ലക്ഷം റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സുരക്ഷാ സൈനികര്‍ക്കു നേരെ സല്‍മാന്‍ അല്‍ഫറജ് നടത്തിയ വെടിവെപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഖാലിദ് മുഹമ്മദ് അല്‍സ്വാംതി വീരമൃത്യുവരിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് സല്‍മാന്‍ അല്‍ഫറജ് കൊല്ലപ്പെട്ടത്. ഖത്തീഫില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് മതപരമായ നിയമസാധുത പ്രഖ്യാപിച്ചതില്‍ പങ്കുള്ള സക്കി സല്‍മാന്‍ അല്‍ഫറജ് ഭീകര ആശയസംഹിതകള്‍ പ്രചരിപ്പിക്കുകയും സഹോദരനായ സല്‍മാന്‍ അല്‍ഫറജ് ഭീകരര്‍ക്ക് ആവശ്യമായ വിവരങ്ങളും പിന്തുണയും നല്‍കുകയും ചെയ്തതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.
ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച് അല്‍സ്വാലിഹിയ എന്ന പ്രദേശത്തെ ഉപയോഗശൂന്യമായ കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം നിര്‍ണയിച്ച സുരക്ഷാ വകുപ്പുകള്‍ ജീര്‍ണാവസ്ഥയിലുള്ള മയ്യിത്ത് പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്തിയാണ് ശൈഖ് മുഹമ്മദ് അല്‍ജീറാനിയുടെ മയ്യിത്ത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ശൈഖ് മുഹമ്മദ് അല്‍ജീറാനിയുടെ നെഞ്ചില്‍ വെടിയേറ്റതായും പരിശോധനയില്‍ വ്യക്തമായിരുന്നു. ഭീകരര്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ച് കുഴിയെടുത്ത് അതില്‍ ഇറക്കിനിര്‍ത്തി വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആ കുഴിയില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ ഭീകരര്‍ കൊലപ്പെടുത്തിയതിനെ ഉന്നത പണ്ഡിതസഭയും ഖത്തീഫിലെ 124 മത, സാമൂഹിക നേതാക്കളും അപലപിച്ചിരുന്നു.
കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ശിയാ വിഭാഗത്തില്‍ പെട്ട ന്യൂനപക്ഷം നടത്തിയ ദേശവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളെയും ഭീകരാക്രമണങ്ങളെയും ശക്തമായി എതിര്‍ത്തതാണ് ശിയാ വിഭാഗക്കാരന്‍ കൂടിയായ ജഡ്ജി ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ വധിക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചത്. സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനെയും സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മസ്ജിദ് മിമ്പറുകള്‍ ഉപയോഗിക്കുന്നതിനെയും യുവാക്കളെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളക്കിവിടുന്നതിനെയും ശൈഖ് മുഹമ്മദ് അല്‍ജീറാനി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. ഇത് ശൈഖ് മുഹമ്മദ് അല്‍ജീറാനിയെ ഭീകരരുടെ കണ്ണിലെ കരടാക്കി.
ശൈഖ് മുഹമ്മദ് അല്‍ജീറാനിക്കു നേരെ മുമ്പും ആക്രമണങ്ങളുണ്ടായിരുന്നു. ജഡ്ജിയായി നിയമിതനാകുന്നതിനു മുമ്പ് 2012 ല്‍ ഭീകരര്‍ ഇദ്ദേഹത്തിന്റെ വീട് അഗ്നിക്കിരയാക്കി കുടുംബാംഗങ്ങളെ ഒന്നടങ്കം കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മറ്റൊരിക്കല്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമായി. മറ്റൊരിക്കല്‍ ജഡ്ജിയുടെ കാര്‍ ഭീകരര്‍ അടിച്ചുതകര്‍ത്തിരുന്നു.