ജിദ്ദ – ഖനന മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി, ഇന്ത്യന്‍ കമ്പനികള്‍ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചു. ഇന്ത്യയിലെ മുന്‍നിര ഖനന കമ്പനിയായ മഹേശ്വരി മൈനിംഗ് കമ്പനിയും സൗദിയിലെ അമ്മാര്‍ ഹോള്‍ഡിംഗ് കമ്പനിയുമാണ് പങ്കാളിത്തം സ്ഥാപിച്ചത്. സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്ത് വിപുലമായ ജിയോളജിക്കല്‍, ഖനന സേവനങ്ങള്‍ നല്‍കുന്ന പ്രത്യേക കമ്പനി സ്ഥാപിക്കാനാണ് പങ്കാളിത്തത്തിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഖനന മേഖലയുടെ വികസനത്തിനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇന്ത്യന്‍ കമ്പനിയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് അമ്മാര്‍ ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ഹാദി ബിന്‍ ഫഹദ് അല്‍ഖഹ്താനി പറഞ്ഞു. ഞങ്ങളുടെ പ്രാദേശിക വൈദഗ്ധ്യവും ഇന്ത്യന്‍ പങ്കാളിയുടെ ശേഷികളും വഴി പുതിയ ഖനന സേവന കമ്പനി, വിപണി ആവശ്യങ്ങള്‍ നിറവേറ്റുകയും സുസ്ഥിര വികസന പ്രക്രിയയെ പിന്തുണക്കുകയും ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കും.
പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും മികച്ച ഭാവി കെട്ടിപ്പടുക്കാനുമുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന ഖനന സേവന കമ്പനി ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 2030 ഓടെ രാജ്യത്തെ ജിയോളജിക്കല്‍, മൈനിംഗ് സേവന കമ്പനികളുടെ മുന്‍നിരയിലെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു – അബ്ദുല്‍ഹാദി ബിന്‍ ഫഹദ് അല്‍ഖഹ്താനി പറഞ്ഞു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ പ്രതിവര്‍ഷ സംഭാവന 7,500 കോടി ഡോളറായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു. 2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ സംഭാവന 1,900 കോടി ഡോളറായിരുന്നു.