പ്രവാസികളുടെ പ്രിയംകരനായ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ
ജിദ്ദ: കഴിഞ്ഞ മൂന്ന് വർഷമായി പ്രവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രയാസം അനുഭവിക്കുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സാന്ത്വനം പകരുകയും ചെയ്ത ഇന്ത്യൻ കോൺസുലറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ മലപ്പുറം നിലമ്പൂർ സ്വദേശി പി. ഹരിദാസ് ഡൽഹിയിലെ കേന്ദ്ര മന്ത്രാലയത്തിലേക്ക് മടങ്ങി. മൂന്ന് വർഷം മുമ്പ് ഒമാനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ജിദ്ദയിലേക്ക് സ്ഥലം മാറി വന്ന ഹരിദാസ് വളരെ പെട്ടെന്നാണ് ജനകീയ വൈസ് കോൺസലായി ഇന്ത്യക്കാർക്കിടയിൽ പ്രിയംകരനായി മാറിയത്.
ജയിലിലും തർഹീലിലും മറ്റും അകപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനും അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും ആത്മാർത്ഥമായി പ്രവർത്തിച്ച ഹരിദാസ്, മിക്ക മലയാളി കൂട്ടായ്മകളിലും അഭിമാനപൂർവം പങ്കെടുത്തിരുന്നു. മലയാളത്തനിമ പുലർത്തുന്നതിലും ഭാഷാസ്നേഹം പ്രകടിപ്പിക്കുന്നതിലും നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം മുൻപന്തിയിൽ നിന്നു. കോൺസുലേറ്റ് ജീവനക്കാരുടെ വിഷു, ഓണം ആഘോഷങ്ങളിലും മറ്റ് ഇന്ത്യൻ ഉത്സവങ്ങളിലും കഴിഞ്ഞ മൂന്ന് വർഷവും ഹരിദാസ് നേതൃപരമായ പങ്ക് വഹിച്ചു.
തബൂക്, തായിഫ്, ജിസാൻ, യാമ്പു, അബഹ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഇന്ത്യൻ കോൺസുലർ സംഘത്തിന്റെ സന്ദർശനങ്ങളുടെ എണ്ണവും സൗകര്യവും വർധിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ജിദ്ദയിലെ ഔദ്യോഗിക ജീവിതം അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ഹരിദാസ് ദ മലയാളം ന്യൂസിനോട് പറഞ്ഞു.
സൗദികൾക്കും ഇന്ത്യക്കാർക്കുമിടയിൽ ഒട്ടേറെ നല്ല സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിനും ജിദ്ദയിലെ സേവന കാലം സഹായകമായതായി അദ്ദേഹം പറഞ്ഞു. കാലത്ത് വി. എഫ്. എസിലും ഉച്ചയ്ക്ക് ശേഷം കോൺസുലറ്റിലും സേവനം അനുഷ്ഠിച്ച് പോന്ന ഹരിദാസിന്റെ സേവനം രാപ്പകൽ പ്രവാസികൾക്ക് ലഭ്യമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാത്ത മൊബൈൽ ഫോൺ തെളിവാണെന്ന് സഹപ്രവർത്തകരും മലയാളി സംഘടനാ പ്രവർത്തകരും സ്നേഹപൂർവ്വം അനുസ്മരിച്ചു. കോഴിക്കോട് സർവകലാശാലയിലെ ഫൈനാൻസ് ഓഫീസർ കോഴിക്കോട് ചേവായൂർ സ്വദേശി മിനിയാണ് ഹരിദാസിന്റെ പത്നി. ഏകമകൻ ആനന്ദ് ബംഗളൂരുവിൽ ജോലി ചെയ്യുന്നു.