റിയാദ്: ഒരാഴ്ച മുൻപ് നടന്ന വിവാഹത്തിന്റെ മനോഹരമായ ഓർമ്മകൾ മായും മുൻപേ, വിധി തട്ടിയെടുത്തത് ഒരു നവവധുവിന്റെ ജീവൻ. ദമാം – റിയാദ് ഹൈവേയിലെ ഉമ്മുൽ അറാറിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) ആണ് മരിച്ചത്.
ഏഴു ദിവസം മുൻപ് ദമാമിൽ വെച്ചായിരുന്നു ഹിദയുടെയും യാസീന്റെയും വിവാഹം. വിവാഹശേഷം റിയാദിലുള്ള മാതാപിതാക്കളെ കാണാനായി ഭർത്താവിനൊപ്പം യാത്ര തിരിക്കുമ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഹിദ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ യാസീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാഹത്തിന്റെ മണമുള്ള ഓർമ്മകളുമായി പ്രിയപ്പെട്ടവരെ കാണാൻ പുറപ്പെട്ട ആ യാത്ര ഇടവഴിയിൽ വെച്ച് അപ്രതീക്ഷിതമായി നിലച്ചുപോയി. ഹിദയുടെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



