ജിദ്ദ- ആത്മവിശ്വാസത്തോടെയുള്ള ആശയവിനിമയത്തിന്റെ വേദിയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ജിദ്ദയിലും വൻ പ്രചാരം നേടുന്നു. ആശയവിനിമയശേഷി വികസിപ്പിക്കാൻ ലോകത്തെ 143-ലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ.
പരസ്പര സഹായവും സഹകരണവും മുഖേന അംഗങ്ങളുടെ കഴിവുകൾ വളർത്തുന്ന പ്രചോദനപരമായ കൂട്ടായ്മയുടെ ഭാഗമാകാനുള്ള അവസരമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് വാഗ്ദാനം നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16,800-ത്തിലധികം ക്ലബ്ബുകളിലായി 3,58,000-ത്തിലധികം അംഗങ്ങൾ നിലവിൽ ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ഭാഗമാണ്.


പൊതുപ്രഭാഷണത്തിലെ ഭയം കുറയ്ക്കുക, ആശയങ്ങൾ വ്യക്തവും ക്രമബദ്ധവുമായി അവതരിപ്പിക്കാൻ പരിശീലനം നൽകുക, ശരിയായ ശരീരഭാഷയും ശബ്ദ വിനിയോഗവും പരിശീലിക്കുക, സഭാകമ്പത്തെ കീഴടക്കി വേദിയിൽ സംസാരിക്കാൻ പ്രാപ്തി നേടുക, നേതൃത്വഗുണം വളർത്തുക തുടങ്ങിയവയാണ് ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ലക്ഷ്യങ്ങൾ. അനുഭവസമ്പത്തുള്ള അംഗങ്ങളുടെ മാർഗനിർദേശങ്ങളോടെ, സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് എല്ലാ പരിശീലനങ്ങളും നടക്കുന്നത്.
1924 ഒക്‌ടോബർ 22-ന്, അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാന്റാ ആനയിലെ വൈ.എം.സി.എയിലെ ഡോ. റാൽഫ് സി. സ്മെഡ്ലിയാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ സ്ഥാപിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. ജിദ്ദയിലെ പ്രമുഖ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബായ വാങ്മയം മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിലേക്ക് ജിദ്ദയിലെ മലയാളികളെ സ്വാഗതം ചെയ്യുന്നതായി ക്ലബ് പ്രസിഡണ്ട് സഹീർ പി അബ്ദുൽ ഖാദർ അറിയിച്ചു. വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ
വിജേഷ് വിജയൻ, അംഗത്വ ഉപാധ്യക്ഷൻ സി എച്ച് ബഷീർ, പൊതുജന സമ്പർക്കം ഉപാധ്യക്ഷൻ മുഹമ്മദ് സാലി,
സെക്രട്ടറി എം ടി മുഹമ്മദ്, ട്രഷറർ പി പി ഫഹദ്, സെർജന്റ് അറ്റ് ആംസ് നൗഫൽ അബ്ദുൽ കരീം
എന്നിവർ യോഗത്തിനു നേതൃത്വം നൽകി.



