ജിദ്ദ – കേരള പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അംശാദായം കുടിശ്ശികയുള്ളവര്‍ക്ക് അതടയ്ക്കാനുള്ള അവസാന തീയതി നീട്ടിനല്‍കണമെന്ന് ജിദ്ദ കേരള പൗരാവലി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2025 നവംബര്‍ ഒന്നിനകം കുടിശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ അന്ത്യശാസനം. എന്നാല്‍ നൂറുകണക്കിന് പ്രവാസികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വര്‍ഷങ്ങളായി അംശാദായമടച്ച് കാലാവധി പൂര്‍ത്തിയായി പെന്‍ഷന്‍ ലഭിക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് സര്‍ക്കാര്‍ നീക്കം. അതിനാല്‍ അംശാദായം അടക്കാനുള്ള കാലാവധി നീട്ടിനല്‍കി പ്രവാസികളുടെ പെന്‍ഷന്‍ തടയപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് പൗരാവലി ആവശ്യപ്പെട്ടു.
കാലാവധി പൂര്‍ത്തിയായി പണമടക്കാന്‍ കുടിശ്ശികയായവര്‍ക്ക് രണ്ടുവര്‍ഷത്തിനകം തുക ഒരുമിച്ചടച്ചാല്‍ പെന്‍ഷന്‍ ലഭ്യമാക്കിയിരുന്നതാണ് നവംബര്‍ ഒന്നുമുതല്‍ പ്രവാസി ക്ഷേമബോര്‍ഡ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി കാലാവധി പൂര്‍ത്തിയാക്കിയിട്ടും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുമൂലം ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല.
പെന്‍ഷന് അര്‍ഹതയുള്ള വിദേശത്തുള്ള പലരും നാട്ടിലെത്തുമ്പോഴാണ് പെന്‍ഷന് അപേക്ഷ നല്‍കുക. ഇങ്ങനെയുള്ളവര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുക. ഇക്കാര്യത്തില്‍ പ്രവാസി കേന്ദ്ര പോലുള്ള സേവനകേന്ദ്രങ്ങളും മൗനം പാലിക്കുകയാണ്. അംശാദായ കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള സമയപരിധി നീട്ടിനല്‍കി ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളുവെന്ന് പൗരാവലി ചൂണ്ടിക്കാട്ടി. അര്‍ഹതയുള്ള എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനായി സമയപരിധി നീട്ടിനല്‍കാന്‍ ഇടപെടണമെന്ന് പൗരാവലി മുഖ്യമന്ത്രിയോയും നോര്‍ക്ക വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.



