ജിദ്ദ- ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യൻസ് ലീഗ് 2025 ന് ജിദ്ദ കിംഗ് അബ്ദുൽ അസിസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ബി ഡിവിഷനിൽ കാഫ് ലോജിസ്റ്റിക് ഫ്രണ്ട്സ് ജൂനിയർ ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് ബൂക്കറ്റ് എഫ് എഫ് സി സോക്കർ എഫ് സി സീനിയർസിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ ഫ്രണ്ട്സ് ടീം നാല് ഗോളുകൾക്ക് മുന്നിലായിരുന്നു. നസീഫ് അൻവർ ( 2 ) , മുഹമ്മദ് നിഹാൽ ( 2 ), മുഹമ്മദ് ഷിഹാദ്, അജ്‌മൽ ജസീം, മുഹമ്മദ് റിഷാൽ എന്നിവരാണ് ഗോളുകൾ നേടിയത്. ഫ്രണ്ട്സ് ജൂനിയറിന്റെ അജ്‌മൽ ജസീമിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.


ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അഹ്‌ദാബ് ഇന്റർനാഷണൽ സ്‌കൂൾ ന്യൂകാസിൽ എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആർച്ചുൺ അഡ്വെവർടൈസിങ് ആന്റ് ഇവന്റ്സ് എ സി സി ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ മുഹമ്മദ് അനീസ് പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോളിന് ന്യൂകാസിൽ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ നിസാമുദ്ധീൻ മികച്ച ഗോളിലൂടെ എ സി സി ബി ടീമിന് സമനില നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ എ സി സി ബി ടീം ഗോൾകീപ്പറും പ്രതിരോധ നിരയും തമ്മിലുള്ള ആശയക്കുഴപ്പത്തിൽ നിന്ന് കിട്ടിയ പന്ത് ഗോളാക്കി കൊണ്ട് മുഹമ്മദ് നിബ്രാസ് ന്യൂകാസിൽ എഫ് സിക്ക് വിജയം സമ്മാനിച്ചു. നിബ്രാസ് തന്നെയാണ് മത്സരത്തിലെ മികച്ച കളിക്കാരനും.
ടൂർണമെന്റിലെ എ ഡിവിഷനിലെ ആദ്യ മത്സരത്തിൽ എഫ് സി യാമ്പു ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരായ റീം അൽ ഉല ഈസ്റ്റീ സബീൻ എഫ് സിയെ പരാജയപ്പെടുത്തി. മുൻ കേരള സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തുവിന്റെ നേതൃത്വത്തിൽ ഐ എസ് എൽ, കെ പി എൽ താരങ്ങളായ മുഹമ്മദ് അനസ്, ഉമർ മുഖ്താർ, അബ്ദു റഹീം, അജാദ് സഹീം തുടങ്ങിയ വമ്പൻ താരനിരയുമായി ഇറങ്ങിയ ശക്തരായ സാബിൻ എഫ് സിയെ എഫ് സി യാമ്പു പരാജയപ്പെടുത്തി. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിയിൽ നേരിയ മുൻതൂക്കം സാബിൻ എഫ് സിക്കായിരുന്നു. രണ്ടാം പകുതിയുടെ പതിനഞ്ചാം മിനുട്ടിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ സൂരജിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കികൊണ്ട് മുഹമ്മദ് അജ്‌നാസ് യാമ്പുവിന് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നീട് ദിൽഷാദ് എഫ് സി യാമ്പുവിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി അബ്ദു റഹീം സാബിൻ എഫ് സിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും യാമ്പു പ്രതിരോധ നിര ഉറച്ചു നിന്ന് സാബിൻ ആക്രമണങ്ങളെ ചെറുത്തു. എഫ് സി യാമ്പുവിന്റെ ദിൽഷാദ് അഹമ്മദ് ആണ് മത്സരത്തിലെ മികച്ച കളിക്കാരൻ.
മിഥുൻ (RKG), മഡോൺ (EASTEA), സൗഫർ (റീം അൽ ഉല )അബ്ദുറഹ്മാൻ (അൽഹർബി )
നളിൻ (ചാർമസ് ) സുനീർ (അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഷിയാസ് (ഇമ്പാല )കബീർ കൊണ്ടോട്ടി (മീഡിയ ഫോറം )സനൂപ് (ഈസ്റ്റീ ) ജോയ് മൂലൻ (വിജയ് മസാല ) ലത്തീഫ് കാപ്പുങ്കൽ (എൻ കംഫോർട്ട് )ഹിഫ്‌സുറഹ്മാൻ (സിഫ് )മുസ്തഫ വീ.പി. (കെ.എം.സി.സി ) ജുനൈസ് (നവോദയ)ഷംസീദ് (സമ പ്ലാസ്റ്റിക് )മുസ്തഫ ചേളാരി (ഒഐസിസി )ഹനീഫ കടമ്പോട്ട്‍ (സ്കൈമോണ്ട് ) എന്നിവർ വിവിധ കളികളിൽ കളിക്കാരുമായി പരിചയപ്പെട്ടു.



