ജിദ്ദ: ജിദ്ദയിലെ ശാസ്ത്ര തൽപ്പരർക്കും വിദ്യാർത്ഥികൾക്കുമായി ഡയലോഗ്സ് സംവാദവേദി “ക്വാണ്ടം റെൽമ്സ്” എന്ന പേരിലൊരുക്കിയ ശാസ്ത്രസെമിനാർ വിഷയത്തിലെ പുതുമകൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായി.
ക്വാണ്ടം ഭൗതികത്തിന്റെ നാൾവഴികളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് വിഭാഗം മുൻമേധാവിയും പ്രഗത്ഭ ഭൗതികശാസ്ത്രാധ്യാപകനുമായ തോമസ് മരിയാദാസ് അറക്കൽ, ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ചും, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ പ്രസ്തുത ശാസ്ത്രരംഗത്ത് സംഭവിച്ച അനുക്രമമായ വികാസപരിണാമങ്ങളെക്കുറിച്ചും, ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും സഹായത്തോടെ ലളിതമായി വിശദീകരിച്ചു.
ഈ രംഗത്തെ യുവഗവേഷകനായ ഋഷിദേവ് ഉണ്ണി (ജവഹർലാൽ നെഹ്രു സർവകലാശാല), ജീവശാസ്ത്രമേഖലയുടെ സൂക്ഷ്മതലങ്ങളിൽ ക്വാണ്ടം ഭൗതികം എങ്ങനെ പ്രവർത്തിക്കുന്നു എന്നും ജീവികളിലെ ചില രാസ-ജൈവ പ്രക്രിയകളെ ക്വാണ്ടം ഭൗതികതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ എപ്രകാരം വിശദീകരിക്കാമെന്നും തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.


തുടർന്ന് നടന്ന സംശയനിവാരണവേളയിൽ, സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് രണ്ടു വിഷയവിദഗ്ധരും മറുപടി നൽകി. ഡോ. വിനീത എസ്.പിള്ള, അഡ്വ.ഷംസുദ്ദീൻ ഓലശ്ശേരി, റജിയാ വീരാൻ, മുസ്തഫ മാസ്റ്റർ (ഡി.പി.എസ്) , റസാഖ് മാസ്റ്റർ (മവാരിദ് സ്കൂൾ), സിമി അബ്ദുൽഖാദർ, ബിജുരാജ് രാമന്തളി, സന്തോഷ് അബ്ദുൽകരീം, അഫ്സൽ നാറാണത്ത്.,ഷംറീൻ ഷബീബ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഡയലോഗ്സ് ചെയർമാൻ ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ സഹീർ അബ്ദുൽഖാദർ സ്വാഗതവും ട്രഷറർ അലി അരീകത്ത് നന്ദിയും പറഞ്ഞു. ഹംസ മദാരി, അസൈൻ ഇല്ലിക്കൽ എന്നിവർ പ്രഭാഷകരെ പരിചയപ്പെടുത്തി. മാനവ് ബിജുരാജ് മുഖ്യപ്രഭാഷകനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റൈഹാനത്ത് സഹീർ, റീഹാൻ മദാരി, അബ്ദുൽഖാദർ ആലുവ, അദ്നു എന്നിവർ നേതൃത്വം നൽകി.
ഈ വർഷം (2025) “ക്വാണ്ടം ശാസ്ത്രസാങ്കേതികവിദ്യകളുടെ അന്താരാഷ്ട്രവർഷ”മായി യു.എൻ. പ്രഖ്യാപിച്ചതിന്റെയും, ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം ക്വാണ്ടം ഫിസിക്സിലെ പുതിയ കണ്ടെത്തുലുകൾക്ക് ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടതെന്ന് ടീം ഡയലോഗ്സ് അറിയിച്ചു.



