റിയാദ്: സൗദിയുടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനാഘോഷത്തിൽ രക്തം നൽകി പങ്കാളികളായി പ്രവാസി സമൂഹം. സൗദി കെഎംസിസി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ആയിരങ്ങളാണ് രാജ്യമൊട്ടുക്കും രക്തദാനം നടത്തി സൗദി ഭരണകൂടത്തോടും ജനതയോടും തങ്ങൾക്കുള്ള കടപ്പാട് രേഖപ്പെടുത്തിയത്. തങ്ങളുടെ ജീവിതത്തിന് നിറം പകർന്നു നൽകിയ രാജ്യത്തോടുള്ള നന്ദിയോതി രക്തദാനം നിർവഹിച്ച കമ്മിറ്റികളെയും കെഎംസിസി പ്രവർത്തകന്മാരെയും നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ അഭിനന്ദിച്ചു. അധികൃതരുടെയും സ്വദേശികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ രക്തദാനം സഊദിയിലെ മലയാളി സമൂഹത്തിന് ഏറെ അഭിമാനമായി മാറി.
മുൻകാലങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായാണ് സംഘടിപ്പിച്ചത് . ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെത്തി രക്തം ദാനം ചെയ്ത കെഎംസിസി കമ്മിറ്റികളെയും പ്രവർത്തകരെയും ഉജ്ജ്വലമായാണ് അധികൃതർ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരരാണ് രക്തദാന ചടങ്ങില്‍ സംബന്ധിച്ചത്. കമ്മിറ്റികൾക്കും നേതൃത്വം നൽകിയ നേതാക്കൾക്കും ആരോഗ്യമന്ത്രാലയവും ആശുപത്രി മാനേജ്‌മെന്റും പ്രശംസ പത്രം നൽകി ആദരിച്ചു.


അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചാണ് വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ കെ.എം.സി.സി പ്രവര്‍ത്തകര്‍ സഊദിയിൽ ഉടനീളം രക്തദാനം നിര്‍വഹിച്ചത്. സെപ്റ്റംബർ 20 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ദശദിന രക്തദാന കാമ്പയിനിൽ ശേഷിക്കുന്ന കമ്മിറ്റികളും രക്തദാനം നിർവഹിക്കും. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുള്ള മുപ്പത്തി ആറോളം സെൻട്രൽ കമ്മിറ്റികൾ വഴി രക്ത ദാനം നടത്തുന്നത് .
ഈ രാജ്യത്തിന്റെ മണ്ണിൽ ഉപജീവനത്തിനു വഴിയൊരുക്കി തന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ജനതക്കും തൊഴിലുടമകൾക്കും നന്ദിയർപ്പിക്കുകയാണ് രക്തദാനം വഴി മലയാളി സമൂഹം . പ്രതിസന്ധി ഘട്ടങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി വിദേശികൾക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് രേഖപ്പെടുത്താൻ ജീവരക്തം നൽകുന്നതിലപ്പുറം മറ്റൊന്നും നൽകാനില്ലെന്ന് നേതാക്കൾ പറഞ്ഞു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി 2012 മുതൽ ആരംഭിച്ച രക്തദാനം 13 വർഷം പിന്നിടുമ്പോൾ ഓരോ വർഷങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരകണക്കിന് പേരാണ് പങ്കാളികളായിരുന്നത് .