ജിദ്ദ: മലയാളകവിതയെ പരമ്പരാഗതസൗന്ദര്യസങ്കല്പങ്ങളിൽനിന്നും വരേണ്യസംസ്കൃതിയിൽനിന്നും മുക്തമാക്കുന്നതിൽ വയലാർ രാമവർമ്മ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമീക്ഷ പ്രതിമാസ വായനാവേദി അഭിപ്രായപ്പെട്ടു. നവയുഗ പ്രതീക്ഷകളും വിപ്ലവസ്വപനങ്ങളും കാവ്യഭംഗിയും മനോഹരമായി സമ്മേളിക്കുന്ന കവിതകളും ഗാനങ്ങളുമായി ‘ പച്ചമണ്ണിൻ മനുഷ്യത്വമായി’ കടന്നുവന്ന വയലാർ, ആസ്വാദനം സാധാരണക്കാരനു കൂടി പ്രാപ്യമാക്കി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വയലാറിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട് തികയുന്ന ഒക്ടോബറിൽ സംഘടിപ്പിക്കപ്പെട്ട ‘പ്രഭാതവായന’ യിലാണ് സദസ്സ് വയലാറിനെ അനുസ്മരിച്ചത്. യോഗം സലീന മുസഫർ ഉദ്ഘാടനം ചെയ്തു.
മലബാറിലെ മുസ്ലിം കുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങൾ, സേബ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ആവിഷ്ക്കരിക്കുന്ന ഫർസാനയുടെ “കിള” എന്ന നോവലിന്റെ വായനാനുഭവം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ പങ്കുവച്ചു. മാധ്യമപ്രവർത്തനരംഗത്തെ വലതുപക്ഷവർഗ്ഗീയവത്കരണത്തെയും അനഭിലഷണീയമായ അനുരഞ്ജനങ്ങളെയും തുറന്നു കാട്ടുന്ന കമൽ റാം സജീവിന്റെ “ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും” എന്ന കൃതിയെ റഫീഖ് പത്തനാപുരം സദസ്സിന് പരിചയപ്പെടുത്തി. പ്രമുഖ പോലീസ് സർജനായ ഡോക്ടർ ബി.ഉമാദത്തൻ ഫോറെൻസിക് തെളിവുകളുടെ സഹായത്തോടെ തെളിയിച്ച കേസുകളുടെ കഥാരൂപത്തിലുള്ള ആവിഷ്‌കാരമായ”കപാലം” അനുപമാബിജുരാജ് അവതരിപ്പിച്ചു.
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനജേതാവായ ലാസ്ലോ ക്രസ്‌നഹോർകൈയുടെ സാഹിത്യ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ സമ്മാനാർഹമായ “പ്രതിരോധത്തിന്റെ വിഷാദം” (The Melancholy Of Resistance) എന്ന കൃതിയെക്കുറിച്ചും ഷാജു അത്താണിക്കൽ സമഗ്രമായി വിവരിച്ചു. മനുഷ്യ ശരീരത്തിന്റെ ജീവശാസ്ത്രരഹസ്യങ്ങൾ ലളിതമായി വിവരിക്കുന്ന ബിൽ ബ്രയ്‌സൻറെ ജനപ്രിയശാസ്ത്രഗ്രന്ഥമായ ” ദി ബോഡി-എ ഗൈഡ് ഫോർ ഒക്യുപെണ്ട്സ്” എന്ന കൃതിയുടെ അവതരണം അസൈൻ ഇല്ലിക്കൽ നിർവഹിച്ചു.
റഷീദ് വെന്നിയൂർ എഡിറ്റ് ചെയ്ത, എം.ടി. സ്മരണകളുടെ സമാഹാരമായ ” ഞാൻ അറിഞ്ഞ എം.ടി” എന്ന പുസ്തകം എഴുത്തുകാരനായ സൈഫുദ്ദീൻ വണ്ടൂർ സദസ്സിന് പരിചയപ്പെടുത്തി.
രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന, ടർക്കിഷ് സംവിധായകൻ കാൻ ഉൽകെയ് സംവിധാനം ചെയ്ത “അയ്‌ലാ- ദി ഡോട്ടർ ഓഫ് വാർ” എന്ന ചിത്രത്തിന്റെ ദൃശ്യാനുഭവം ജൗഹർ പങ്കുവച്ചു.
റജിയാ വീരാൻ, അബ്ദുള്ള മുക്കണ്ണി, അഫ്സൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അലി അരീക്കത്ത്, സുനിത അസൈൻ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. സമീക്ഷ ചെയർമാൻ ഹംസ മദാരി അധ്യക്ഷത വഹിച്ചു. കൺവീനർ അസൈൻ ഇല്ലിക്കൽ സ്വാഗതവും അദ്നു നന്ദിയും പറഞ്ഞു.



