ജിദ്ദ: ഇതിനോടകം ഏറെ ആസ്വാദകശ്രദ്ധ നേടിയ എസ് . ഹരീഷിന്റെ ” പട്ടുനൂൽപ്പുഴു” എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ച് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ സമീക്ഷ സാഹിത്യവേദിയുടെ റമദാനിലെ പാതിരാവായന ഉദ്‌ഘാടനം ചെയ്തു. സാംസ എന്ന പതിമൂന്നു വയസ്സുകാരന്റെ സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളും ഇടകലർന്ന മനോവ്യാപാരങ്ങളിലൂടെ വികസിക്കുന്ന നോവലിലെ മറ്റു കഥാപാത്രങ്ങൾ പലരും ലോകസാഹിത്യത്തിലെ വിശ്രുതകഥാപാത്രങ്ങളുടെ ഛായയുളളവരായി സാംസയ്ക്ക് അനുഭവപ്പെടും വിധമുള്ള കഥാകഥനരീതി, നോവലിനെ വേറിട്ടൊരു വായനാനുഭവമാക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. മുസാഫിറിന്റെ പുതിയ ലേഖനസമാഹാരമായ ” ആഫ്രിക്കൻ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം” എന്ന കൃതിയുടെ ആസ്വാദനം നജീബ് വെഞ്ഞാറമൂട് നിർവഹിച്ചു. കല, സാഹിത്യം, വ്യക്തികൾ, യാത്രകൾ, തുടങ്ങി ഏതു വിഷയവും ഭാഷാചാരുതയും ആശയഗരിമയും ചോരാതെ അവതരിപ്പിക്കാനുള്ള എഴുത്തുകാരന്റെ വൈദഗ്ധ്യത്തിന് ഉദാഹരണങ്ങൾ പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചുകൊണ്ടുള്ള അവതരണം ഏറെ ശ്രദ്ധേയമായി.
ഷിബു തിരുവനന്തപുരം ( കാളി- അശ്വതി ശ്രീകാന്ത് ), റഫീഖ് പത്തനാപുരം ( എ.കെ.ജി- ജീവിതവും പ്രവർത്തനങ്ങളും-ഒരു സംഘം ലേഖകർ), ഹംസ മദാരി ( വേറിട്ട കാഴ്ചകൾ- വി.കെ. ശ്രീരാമൻ), ഷാജു അത്താണിക്കൽ( വിശപ്പ്, ഉൻമാദം, പ്രണയം- മുഹമ്മദ് അബ്ബാസ്) സന്തോഷ് വടവട്ടത്ത് ( വ്യത്യസ്തരാകാൻ-ഡോ. അലക്‌സാണ്ടർ ജേക്കബ് ), അനുപമ ബിജുരാജ് (മൗണ്ട് അഥോസ്- ബെന്യാമിൻ) എന്നിവർ വായനാനുഭങ്ങൾ പങ്കുവച്ചു. റെമി പി. ആർ, നജീബ് വെഞ്ഞാറമൂട് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
സമീക്ഷയുടെ സജീവാംഗങ്ങളായ അബ്ദുള്ള മുക്കണ്ണി രചനയും അലി അരീക്കത്ത് സംവിധാനവും നിർവഹിക്കുന്ന ” കൊലൈസ്” എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ റിലീസ് മുസാഫിർ നിർവഹിച്ചു. അലി അരീക്കത്തിനെ സമീക്ഷ ഉപഹാരം നൽകി ആദരിച്ചു. ഫൈസൽ മമ്പാട്, സീമ, അയ്യൂബ് മാസ്റ്റർ, ഹാരിസ്ഹുസൈൻ, നിഷ നൗഫൽ, സലീന മുസാഫിർ എന്നിവർ ചർച്ചയിൽ പണ്ടെടുത്തു. കിസ്മത്ത് മമ്പാട് യോഗാവലോകനം നടത്തി. ബിജു രാമന്തളി, അദ്നാൻ, മുഹമ്മദ് സാദത്ത് തുടങ്ങിയർ സംഘാടനത്തിനു നേതൃത്വം നൽകി.
സമീക്ഷ ചെയർമാൻ ഹംസ മദാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ അസ്സൈൻ ഇല്ലിക്കൽ സ്വാഗതം പറഞ്ഞു. സമീക്ഷ എക്സിക്യൂട്ടീവ് അംഗം നൂറുന്നിസ ബാവ നന്ദി പറഞ്ഞു.