മദീന: ഹജ് തീർത്ഥാടനത്തിനായി മദീന പ്രിൻസ് മുഹമ്മദ് ബിന് അബ്ദുൽ അസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഐ.സി.എഫ് – ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങൾ ഊഷ്മളമായി സ്വീകരിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട 289 തീർഥാടകരാണ് മദീനയിലെത്തിയത്. സൗദി മന്ത്രിതല സംഘവും ഇന്ത്യൻ ഹജ്ജ് മിഷനും ഔദ്യോഗികമായി തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു . ഇന്ന് മൂന്ന് വിമാനത്തിലായി 1020 ഹാജിമാർ മദീനയിൽ എത്തും.

മധുരം വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയുമാണ് വളണ്ടിയർ സംഘം ഹാജിമാരെ സ്വീകരിച്ചത്. ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ച് തുടങ്ങിയ ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനം അവസാന ഹാജിയും പുണ്യ ഭൂമികളിൽ നിന്നും പോവുന്നത് വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. മക്ക, മദീന എന്നീ പുണ്യ ഭൂമികളിലും ജിദ്ദ വിമാനത്താവളത്തിലും ഹാജിമാരെ സ്വീകരിക്കാനും സഹായങ്ങൾ ചെയ്യാനും ഐ.സി.എഫ് – ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രികൃത സ്വഭാവത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക്ക്, മെഡിക്കൽ വിങ്, വീൽ ചെയർ സർവീസുകൾ, കർമ്മ പരമായ സംശയങ്ങൾ തീർക്കാനുള്ള ഓൺലൈൻ ഓഫ്‌ലൈൻ സംവിധാനങ്ങൾ, ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റർ, വളണ്ടിയർമാരുമായി ഹാജിമാരുടെ ബന്ധുക്കൾക്ക് സംവദിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങി വിപുലമായ സേവന സൗകര്യങ്ങളാണ് ഐ.സി.എഫ് – ആർ.എസ്.സി സൗദി നാഷനൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഇപ്രാവശ്യം ഒരുക്കിയിട്ടുള്ളത്.