ജിദ്ദ: ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യയിലെത്തിയ പ്രമുഖ എഴുത്തുകാരനും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം. ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി. കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട് എന്നിവരും ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. നേതാക്കളായ സൈതലവി ഏറനാട്, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ‘ദയ’ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സീതി കൊളക്കാടൻ എന്നിവരും സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ പൊന്നാടയണിയിച്ച് ആദരിച്ചു. വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ സ്നേഹോപഹാരം ഷമീം അലി, ജംഷീർ, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് അദ്ദേഹത്തിന് കൈമാറി.
ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങളെയും ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങളെയും ടി.പി.എം. ബഷീർ മറുപടി പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, തന്റെ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം മാറിവരുന്ന കേരളീയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചടങ്ങിൽ വിശകലനം നടത്തി.
അബ്ദുൽ കരിം കൊടക്കാടിന്റെ ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ജംഷീർ മൂന്നിയൂർ സ്വാഗതവും അൻവർ ചെമ്പൻ നന്ദിയും രേഖപ്പെടുത്തി. ഷമീം അലി പരിപാടി നിയന്ത്രിച്ചു.



