ഖമീസ് മുശൈത്ത്: കേരളത്തിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും വിതരണവും കേവലം ‘ധാർമികതയുടെ പ്രശ്നമല്ലെന്നും സർക്കാറിനാണ് പ്രാഥമികമായ ഉത്തരവാദിത്തമെന്നും പ്രവാസി വെൽഫെയർ ഖമീസ് മുശൈത് ഏരിയാ കമ്മിറ്റി നടത്തിയ റമദാൻ മീറ്റ് അപ്പ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയമായി തീരുമാനം ഉള്ള കേസുകളിൽ ഉടൻ നടപടി സ്വീകരിക്കുന്ന ഗവൺമെൻ്റ് ലഹരിയുടെ ഉറവിടം പിടികൂടുന്നില്ല. ഇത് അനാസ്ഥയുടെ തെളിവാണ്. മയക്കുമരുന്ന് ചില്ലറ വിതരണക്കാരെയും ഉപയോക്താക്കളെയും മാത്രം പിടിച്ച് വ്യാപനം തടയാൻ കഴിയില്ല. മൊത്തവിതരണക്കാരെയും അവർക്ക് പിന്തുണ നൽകുന്ന ശക്തികളെയും തുരത്തണം. അല്ലാത്ത പക്ഷം ബോധവൽക്കരണവും പ്രതിജ്ഞയെടുക്കലും ഒക്കെ പ്രഹസനങ്ങളാവും.
കുടുംബം നാട്ടിലുള്ള പ്രവാസികൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ ഉണ്ട്. പ്രവാസ ലോകത്തെ കൂട്ടായ്മകൾ ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ സർക്കാർ ഇച്ഛാശക്തി കാണിക്കുന്നില്ല.
മയക്കുമരുന്ന് എന്ന വിപത്ത് നാടിനെ പിടിച്ച് കുലുക്കുമ്പോൾ അതും മുസ്ലിംകൾക്കെതിരെയുള്ള പ്രചാരണായുധമാക്കുകയാണ് ഒരു വിഭാഗം. ഇവിടെയും ഇടത് സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാനാണ് സർക്കാർ കോപ്പു കൂട്ടുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് സമാനമായ ഇത്തരം സമീപനങ്ങളിൽ പ്രവാസി വെൽഫെയർ ശക്തമായി പ്രതിഷേധിച്ചു. ഏരിയാ കമ്മിറ്റി പ്രസിഡൻറും പ്രൊവിൻസ് കമ്മിറ്റി അംഗവുമായ വഹീദ് മൊറയൂർ അധ്യക്ഷനായിരുന്നു. റീജണൽ കമ്മിറ്റി സെക്രട്ടറി പർവീസ് സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ സംസാരിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി റാഷിദ് നന്ദി പറഞ്ഞു.