ജിദ്ദ: സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ എല്ലാവരും ശക്തമായ പോരാട്ടം നടത്തണമെന്ന് സൗദി കേരള ഫാർമസിസ്റ്റ് ഫോറം സിൽവർ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സൗദി ഇന്ത്യ ഹെൽത്ത് ഫോറം ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഡോ. അഷ്‌റഫ് എ ആമിർ ഉദ്‌ഘാടനം ചെയ്തു. അബീർ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ അഹ്മദ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു. ലഹരി വിരുദ്ധത വിഷയത്തിൽ ഫാർമസിസ്റ്റ് ഫോറം വൈസ് പ്രസിഡന്റ് ആബിദ് പാറക്കൽ പ്രമേയം അവതരിപ്പിച്ചു.
ആയിഷ ഇസ്മായിൽ ലഹരിവിരുദ്ധ പ്രതിജ്ഞക്കു നേതൃത്വം നൽകി. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി ആരോഗ്യ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . സൗദിയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളായി അലി മുഹമ്മദ് അലി,അഷ്‌റഫ് മൊയ്തീൻ (ജെ.എൻ.എച്ച്) ശറഫുദ്ധീൻ (ഏഷ്യൻ മെഡിക്കൽ ഗ്രൂപ്പ് മക്ക ) റസാഖ് (റാഹേലി പോളിക്ലിനിക് ) എന്നിവരും മറ്റു ഫർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികളും സംബന്ധിച്ചു. ജലീൽ കണ്ണമംഗലം (24news) ,കബീർ കൊണ്ടോട്ടി (മീഡിയ ഫോറം ), ജംഷീർ (മെഡ്‌ഫിക്സ് ), മുജീബ് (ഡേ ടു ഡേ ) ജോയ് മൂലൻ (വിജയ് ) തുടങ്ങിയവർ ആശംസകളർപ്പിച്ചു. സൗദി കേരള ഫാർമസിസ്റ്റ് ഫോറം ആദ്യകാല ഭാരവാഹികളെയും മുതിർന്ന മെമ്പർമാരെയും ആദരിച്ചു.
സൗദിയിലെ വിവിധ റീജിയനുകളെ പ്രധിനിതീകരിച്ചു സഫീർ (മദീന ) തൻവീർ (മക്ക) ഡോ. ഷബ്‌ന കോട്ട (ജിദ്ദ ), ആബിദ് പാറക്കൽ (ദമ്മാം ) തുടങ്ങിവർ സംസാരിച്ചു. യൂനുസ് മണ്ണിശ്ശേരി മോഡറേറ്റർ ആയിരുന്നു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ കായിക പ്രകടനങ്ങൾ, ഓർക്കസ്ട്ര എന്നിവ അരങ്ങേറി. പാചക മത്സരം, ചിത്ര രചന മത്സരം, ഫുട്ബാൾ, വടം വലി തുടങ്ങിയ മത്സരങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി. അതീഖ്, റിയാസ്, നസീഫ് ഉമർ, ഇസ്മായിൽ കുന്നുംപുറം, യാസിർ, ഷംന റിയാസ്, ഉമൈർ ആവേളത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
സാമൂഹിക സേവന മേഖലകളിൽ കഴിവ് തെളിയിച്ച സംഘടനാ അംഗങ്ങളെ അനുമോദിച്ചു. സിൽവർ ജൂബിലി സുവനീർ ഡോ അഷ്‌റഫ് എ അമീർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മക്ക സ്വാഗതവും പ്രോഗ്രാം കൺവീനർ നുഫൈൽ നന്ദിയും രേഖപ്പെടുത്തി.