ജിദ്ദ- ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടത്തിലാണ് നിലവിലെ തിരഞ്ഞെടുപ്പെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉറപ്പാക്കാനും വികസനപഥം ശക്തിപ്പെടുത്താനും ഇടതുഭരണത്തിന് അറുതിവരുത്തി യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നിലവിലെ ഭരണ സംവിധാനത്തിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ചയായി. സാധാരണ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള നയങ്ങളും വികസന പദ്ധതികളും നടപ്പാക്കുവാൻ യു.ഡി.എഫിന് മാത്രമേ സാധ്യമാകൂവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നതിനാൽ, അവരുടെ രാഷ്ട്രീയ പങ്കാളിത്തവും അത്രത്തോളം പ്രധാനമാണെന്ന് കൺവെൻഷൻ വിലയിരുത്തി. നാട്ടിലെ തിരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ പിന്തുണ യു.ഡി.എഫിന് വലിയ ശക്തിയാണെന്നും, പ്രവർത്തകർ ഏകോപിതമായി പ്രവർത്തിക്കണമെന്നും കൺവെൻഷൻ ആഹ്വാനം ചെയ്തു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്ലോബൽ കമ്മറ്റിയംഗം അലി തേക്കുംതോട് ഉദ്ഘാടനം ചെയ്തു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കാവുബായി, സഹീർ മാഞാലി, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ വി.പി മുസ്തഫ, ജലാൽ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, അഷറഫ് അഞ്ചാലൻ, അനിൽ കുമാർ പത്തനംതിട്ട, വനിതാവേദി ഭാരവാഹികളായ മൗഷ്മി ഷരീഫ്, സോഫിയ സുനിൽ, ഒ.ഐ.സി.സി നേതാക്കളായ ആസാദ് പോരൂർ, മനോജ് മാത്യു, ജനീഷ് കാളികാവ്, റഫീക്ക് മൂസ, അബ്ദുൾ നാസർ കോഴിത്തോടി, അഷറഫ് തൃശൂർ, ഫിറോസ് പോരൂർ, നവാസ് ബീമാപ്പള്ളി, റോബിൻ കൊല്ലം, നിതേഷ്, നാസർ വയനാട്, മുസ്തഫ ചേളാരി തുടങ്ങിയവർ സംസാരിച്ചു. റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ആസാദ് പോരൂർ നന്ദിയും പറഞ്ഞു.



