ജിദ്ദ: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ വീണ്ടും നടത്തുമ്പോൾ, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പൂർണ്ണ പരിഹാരം കാണണമെന്ന് ജിദ്ദ കേരള പൗരാവലി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജൂൺ 21-നാണ് നീറ്റ് പുനപ്പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.
പരീക്ഷ റദ്ദാക്കിയ നടപടി ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കിയത് പ്രവാസി വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയുമാണ്. വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ ശേഷം, വിസ റദ്ദാക്കിയും അല്ലാതെയും ഇതിനകം നാട്ടിലേക്ക് മടങ്ങിയ നിരവധി വിദ്യാർത്ഥികളുണ്ട്. ഇവർക്ക് എവിടെയായിരിക്കും പരീക്ഷാ കേന്ദ്രം അനുവദിക്കുക എന്നതിൽ എൻ.ടി.എ അടിയന്തരമായി വ്യക്തത വരുത്തണം.
നിലവിൽ സൗദി അറേബ്യയിൽ റിയാദിൽ മാത്രമാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. പത്തുലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ളവർക്ക്, ആയിരത്തോളം കിലോമീറ്റർ യാത്ര ചെയ്ത് വേണം റിയാദിലെ കേന്ദ്രത്തിലെത്താൻ. ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നുണ്ട്. സൗദിയിൽ ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് 2024-ൽ തന്നെ ജിദ്ദ കേരള പൗരാവലി ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നതാണ്. നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.റ്റി തുടങ്ങിയ എൻ.ടി.എ പരീക്ഷകൾക്കായി ജിദ്ദയിൽ ഒരു സ്ഥിരം കേന്ദ്രം അനുവദിച്ചാൽ ഈ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരമാകും.
വിദേശത്ത് പരീക്ഷ എഴുതിയ ശേഷം നിലവിൽ നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് അവർ താമസിക്കുന്ന പ്രദേശങ്ങളിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കണം. വിദേശങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ കാത്തിരിക്കുന്നവർക്കായി കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുകയും വേണം. നിലവിലെ അനിശ്ചിതത്വം ഒഴിവാക്കാൻ എൻ.ടി.എയുമായി നേരിട്ട് സംവദിക്കാൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക സംവിധാനം ഒരുക്കണമെന്നും ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.



