ജിദ്ദ- നിറഞ്ഞ സദസിനെ സാക്ഷിയാക്കി, മുഹമ്മദ് അമാൻ രചിച്ച ദ ഡ്രീം എന്ന പുസ്തകം പ്രകാശനം ചെയ്തു. ജിദ്ദ സീസൺസ് റസ്റ്റോറന്റിൽ നടന്ന പ്രകാശന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കെടുത്തു. അറബ് ന്യൂസ് മാനേജിംഗ് എഡിറ്റർ സിറാജ് വഹാബ് പുസ്തകം പ്രകാശനം ചെയ്തു. പുതു തലമുറക്ക് സ്വപ്നം കാണാനും ആത്മവിശ്വാസം ഉയർത്താനും പാകത്തിലുള്ള നേട്ടമാണ് മുഹമ്മദ് അമാൻ കൈവരിച്ചിരിക്കുന്നതെന്ന് സിറാജ് വഹാബ് പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ രണ്ടാമത്തെ പുസ്തകം പുറത്തിറക്കാൻ സാധിച്ചത് മുഹമ്മദ് അമാന്റെ പ്രതിഭയുടെ തെളിവാണ്. മുതിർന്നവരിൽ പലരും സ്വപ്നം കാണാൻ മാത്രം തുനിയുന്ന ഒരു കാര്യമാണ് മുഹമ്മദ് അമൻ ചെയ്തിരിക്കുന്നതെന്നും അവൻ തന്റെ ചിന്തകളെയും ഭാവനയെയും അനുഭവങ്ങളെയും ഒരു പുസ്തകമാക്കി മാറ്റിയിരിക്കുന്നുവെന്നും സിറാജ് വഹാബ് പറഞ്ഞു.


ഭൂരിഭാഗം കുട്ടികളും പരീക്ഷകളിലും ഗാഡ്‌ജെറ്റുകളിലും മുഴുകിയിരിക്കുന്ന ഒരു പ്രായത്തിലാണ് വേറിട്ട വഴിയിലൂടെ മുഹമ്മദ് അമാൻ നടന്നത്. നമ്മുടെ ഭാവി തിളക്കമുള്ളതാണെന്നതിന്റെ തെളിവാണ് ഈ പുസ്തകം. നാമെല്ലാവരും അവനെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നു. ഇംഗ്ലീഷ് എന്നത് അവസരങ്ങളുടെ ഭാഷയാണ്. അത് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു, ആഗോള സർവ്വകലാശാലകളിലേക്കും കരിയറുകളിലേക്കും ലോകമെമ്പാടുമുള്ള വായനക്കാരിലേക്കും വാതിലുകൾ തുറക്കുന്നു. ഒരു കുട്ടി ഇംഗ്ലീഷിൽ എഴുതുമ്പോൾ, അവർ വെറുമൊരു ഭാഷ പഠിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് ലോകത്തിന്റെ സംഭാഷണങ്ങളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അമാന്റെ മാതാപിതാക്കളായ സുനിൽ സെയ്ദ്, സോഫിയ സുനിൽ എന്നിവരെ സ്റ്റേജിലേക്ക് വിളിച്ചാണ് സിറാജ് വഹാബ് പ്രസംഗം തുടങ്ങിയത്. മുഹമ്മദ് അമാന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകൻ മുസാഫിർ പുസ്തകം ഏറ്റുവാങ്ങി. റെജി അൻവർ പുസ്തകപരിചയം നടത്തി. കബീർ കൊണ്ടോട്ടി, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കൽ, നാസർ വെളിയങ്കോട്, ആലിയ ടീച്ചർ, യമുന ടീച്ചർ, നസീർ വാവക്കുഞ്ഞ്, ജുനൈസ് ബാബു, ഷംനാദ് കണിയാപുരം, അലി അരീക്കത്ത്, മുഹ്സിൻ കാളികാവ്, സലാഹ് കാരാടൻ, ഷരീഫ് അറക്കൽ, അസൈൻ ഇല്ലിക്കൽ, ആയിഷ നൂറ, മോഹൻ ബാലൻ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അമാൻ മറുപടി പ്രസംഗം നടത്തി. നജീബ് വെഞ്ഞാറമൂട് അവതാരകനായിരുന്നു. സുനിൽ സെയ്ദ് സ്വാഗതവും സോഫിയ നജ്മുദ്ദീൻ നന്ദിയും പറഞ്ഞു. ജമാൽ പാഷ, മാസിൻ ജമാൽ, സോഫിയ നജ്മുദ്ദീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.



