ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും ജിദ്ദ കൊണ്ടോട്ടി മണ്ഡലം സി.എച്ച് സെന്റർ കൺവീനറും കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ സെക്രട്ടറിയും നീറാട് കെ.എം.സി.സി പ്രസിഡന്റുമായ നീറാട് പാമ്പോടൻ കബീറിൻ്റ മകൻ മുഹമ്മദ് റിഷിന് ഉസ്ബെക്കിസ്ഥാനിൽ നടന്ന അന്താരാഷട്ര സാംബോ മത്സരത്തിൽ വെങ്കല മെഡൽ. കൊണ്ടോട്ടി ഇ.എം.ഇ.എ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് റിഷിൻ. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യ ആന്റ് ഓഷ്യാനിയ സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ഉസ്ബെക്കിസ്ഥാനിലെ യുനുസോബോഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ -88 കാറ്റഗറിയിലുള്ള സ്പോർട്സ് സാംബോ വിഭാഗത്തിലാണ് റിഷിന്റെ തിളക്കമാർന്ന പ്രകടനം. കിർഗിസ്ഥാൻ സ്വർണവും, കസാഖിസ്ഥാൻ വെള്ളി മെഡലും നേടിയ കാറ്റഗറിയിലാണ് റിഷിന് ഇന്ത്യക്ക് വേണ്ടി ബ്രോൺസ് മെഡൽ കരസ്ഥമാക്കിയത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം നടന്ന നാഷണൽ സാംബോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായിട്ടും റിഷിന് ശ്രദ്ധ നേടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്. ഇന്ത്യൻ ടീമിനൊപ്പം ഉസ്ബെക്കിസ്ഥാനിൽ മത്സരിച്ച മുഹമ്മദ് റിഷിന് രാജ്യത്തെയും, സംസ്ഥാനത്തെയും അഭിമാനിപ്പിച്ച ഈ നേട്ടത്തിന് എല്ലാ വശത്തുനിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയാണ്.
കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ, ജനറൽ സെക്രട്ടറി വി പി മുസ്തഫ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. ജിദ്ദയിലെ മലയാളി സമൂഹത്തിനും റിഷിന്റെ ഈ നേട്ടം വലിയ അഭിമാനമാണെന്നും, ഇത്തരത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നത്
നാടിൻ്റെ യശസ്സ് അന്താരാഷ്ട രംഗത്തും ഉയർത്തി പിടിക്കാൻ പുതുതലമുറയിലെ കുട്ടികൾക്ക് അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നതായി കൊണ്ടോട്ടി സെന്റർ ഭാരവാഹികളും അറിയിച്ചു. ഉമ്മ ഫൗസിയയും,സഹോദരിമാരായ ഫാത്തിമ റിൻസ,ആയിഷ റിസ മറ്റു കുടുംബക്കാർ എല്ലാ വിധ പിന്തുണയുമായി ഉണ്ട്.