ജിദ്ദ- ഭിന്നശേഷിക്കാരായ പതിനെട്ട് വയസിന് മുകളിലുള്ളവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യമിട്ട് കഴിഞ്ഞ എട്ടു വർഷമായി മലപ്പുറം ജില്ലയിലെ തിരൂർ അന്നാരയിൽ പ്രവർത്തിക്കുന്ന യൂണിറ്റി ഒക്യൂപേഷണൽ ഹബ്ബ് എന്ന സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ആലോചിക്കുന്നതിനുള്ള ആദ്യയോഗം ജിദ്ദയിൽ ചേർന്നു. സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായ കുഞ്ഞിമൊയ്തീൻ പുളിക്കൽ ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി. നാട്ടിൽനിന്നും സൗദിയിൽ എത്തിയതായിരുന്നു കുഞ്ഞിമൊയ്തീൻ. ചർച്ചയുടെ ഭാഗമായി തിരൂർ മണ്ഡലം കെ.എം.സി.സി ഈ വരുന്ന 29-ന് ശനിയാഴ്ച -രാവിലെ യൂണിറ്റി സെന്ററിലെ എല്ലാ കുട്ടികൾക്കും ഹദിയത്തുൽ ഹുബ്ബ് എന്നാ പേരിൽ ഭക്ഷണ കിറ്റും വസ്ത്രവും വിതരണം ചെയ്യാൻ തീരുമാനിച്ചു.
പരിപാടിയിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാക്ക്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, സെക്രട്ടറി മുഹമ്മദ് യാസിദ് എ.പി, ജിദ്ദ തിരൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ എംപി, സെക്രട്ടറി റിഷാദ് അന്നാര, സഹഭാരവാഹികളായ നാസ്സർ പച്ചീരി, ഷൗക്കത്ത് എം.പി, ഗഫൂർ അന്നാര, ഫാസിദ് കെ.എ, സാക്കിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.