ജിദ്ദ: സ്നേഹവും കരുണയും ചേർത്തുവെച്ച് വിശക്കുന്ന വയറുകൾക്ക് സാന്ത്വനമേകാൻ ‘മലബാർ അടുക്കള’ വീണ്ടും എത്തുന്നു. ലോകമെമ്പാടുമുള്ള മലബാർ അടുക്കള അംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഒരു നേരത്തെ ആഹാരം’ എന്ന പദ്ധതി ജനുവരി 30, 31 (വെള്ളി, ശനി) തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പട്ടിണിമുക്തമായ ഒരു ലോകമെന്ന വലിയ സ്വപ്നത്തിലേക്കുള്ള ചെറിയ ചുവടുവെപ്പായാണ് ഈ മനുഷ്യസ്‌നേഹ സംരംഭത്തെ മലബാർ അടുക്കള കാണുന്നത്. ജിദ്ദയിലും പരിപാടി നടക്കും.
ഭൂമിയിൽ ആരും വിശപ്പോടെ ഉറങ്ങരുത് എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും വിവിധ ഗൾഫ് രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകൾക്ക് ഈ ദിവസങ്ങളിൽ ഭക്ഷണം എത്തിക്കും. പട്ടിണിക്കെതിരായ പോരാട്ടത്തിൽ സാമൂഹിക ഉത്തരവാദിത്വവും കാരുണ്യവും മുൻനിർത്തിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജിദ്ദയിൽ കുബ്ര ലത്തീഫ് നേതൃത്വം നൽകും.
ആശ്വാസമാകുന്നത് ആയിരങ്ങൾക്ക് സർക്കാർ ആശുപത്രികൾ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററുകൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, തെരുവോരങ്ങൾ തുടങ്ങി താങ്ങും തണലും ആവശ്യമുള്ള ഇടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മുൻവർഷങ്ങളിൽ വൻ വിജയമായിരുന്ന ഈ പദ്ധതിയുടെ തുടർച്ചയായാണ് ഈ വർഷവും പരിപാടി സംഘടിപ്പിക്കുന്നത്.
അംഗങ്ങളുടെ സജീവ പങ്കാളിത്തം മലബാർ അടുക്കളയുടെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെ ഈ ഉദ്യമത്തിൽ പങ്കുചേരുമെന്ന് ചെയർമാൻ മുഹമ്മദലി ചക്കൊത്ത് അറിയിച്ചു. ലോകത്തിന്റെ ഏത് കോണിലിരുന്നും നന്മയുടെ ഈ വലിയ കൂട്ടായ്മയിലേക്ക് കൈകോർക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. വിശപ്പിന്റെ വിളി കേൾക്കാത്ത ഒരിടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യാത്രയിൽ മലബാർ അടുക്കളയുടെ പങ്ക് ഏറെ വിലപ്പെട്ടതാണ്.”



