ജിദ്ദ- ജിദ്ദയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച കോഴിക്കോടൻ ഫെസ്റ്റിന്റെ രണ്ടാം സീസൺ വരുന്നു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ഒക്‌ടോബർ 17 വെള്ളിയാഴ്ച ജിദ്ദയിലെ അൽ മഹ്ജർ ഖുബ്ബ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിപുലമായ കുടുംബമേള അരങ്ങേറുന്നത്.
കോഴിക്കോടിന്റെ തനത് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടിയിൽ, കലാരൂപങ്ങളും, രുചിക്കൂട്ടുകളും ജില്ലയുടെ പ്രധാന അടയാളങ്ങളായ മാനാഞ്ചിറ സ്‌ക്വയറും ഹൽവാ ബസാറും മിഠായി തെരുവും നാദാപുരം പള്ളിയുമൊക്കെ പുനഃസൃഷ്ടിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
2020-ൽ സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ കോഴിക്കോടൻ ഫെസ്റ്റ് സീസൺ 1-ന്റെ വിജയത്തിന് തുടർച്ചയാകും സീസൺ 2. ബാഫഖി തങ്ങൾ ഹാൾ, സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാൾ, മാനഞ്ചിറ മൈതാനം എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ഇത്തവണ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒപ്പന, കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയ കോഴിക്കോടിന്റെ തനത് കലാരൂപങ്ങൾ അരങ്ങേറും. കുട്ടികൾക്കും, കുടുംബിനികൾക്കും, ബാച്ച്‌ലേഴ്‌സിനുമായി വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. ബിരിയാണി മത്സരം, മൈലാഞ്ചി മത്സരം, കളറിംഗ് & ഡ്രോയിങ്, ക്വിസ്, വടംവലി, ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി മത്സരം, ഫൺ ഗെയിംസ് എന്നിവ പ്രധാന ആകർഷണങ്ങളാണ്. പ്രശസ്ത ഗാന രചയിതാവും ഗായകനുമായ കൊച്ചിൻ ഷമീറിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരെ കൂടി അണിനിരത്തി സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.
ജിദ്ദയിലെ മലയാളി സമൂഹത്തിന് വേണ്ടി ഒരുക്കുന്ന ഈ കുടുംബമേള, ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പത്ര സമ്മേളനത്തിൽ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ട്രഷറർ ഒ പി അബ്ദുൽ സലാം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ, പ്രോഗ്രാം കൺവീനർ ബഷീർ കീഴില്ലത്ത്, ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി കെ അബ്ദുൽ റഹിമാൻ, സൈതലവി രാമനാട്ടുകര, അബ്ദുൽ വഹാബ്, മുഹമ്മദ് ഷാഫി പുത്തൂർ, നൗഫൽ പറമ്പിൽ ബസാർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, തഹദീർ വടകര എന്നിവർ പങ്കെടുത്തു.