റിയാദ്- കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.. റിയാദിലെ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ റൗദ യുണൈറ്റഡ് ജേതാക്കളായി. അൽ നഹ്ദ യുണൈറ്റഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റൗദയുടെ വിജയം.
റിയാദിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്സ് ഫോറം എല്ലാ വർഷവും നടത്തി വരുന്ന ടൂർണമെന്റാണ് കെ എസ് എൽ സൂപ്പർ ലിഗ. നാല് ദിവസങ്ങളായി നടന്ന മൂന്നാം സീസൺ മത്സരങ്ങളിൽ ഫോറം അംഗങ്ങളായ നിരവധി കളിക്കാർ മാറ്റുരച്ചു. റിയൽ മലാസ് എഫ് സി, റൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയൻ, അൽ നഹ്ദ യുണൈറ്റഡ് എന്നീ നാല് ടീമുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ.
മുൻവർഷത്തേക്കാൾ അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി. കെ ഇ എഫിലെ കാൽപന്ത് കഴിവുകൾ വളർത്തിയെടുക്കാനും പുതിയ താരോദയങ്ങളെ വാർത്തെടുക്കാനുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. സമാപന മത്സരത്തോടനുബന്ധിച്ച് കെ ഇ എഫിലെ മുൻകാല കളിക്കാർ കളിച്ച ലെജൻഡ്സ് മാച്ചും സംഘടിപ്പിച്ചു. മത്സരത്തിൽ പ്രസിഡന്റ്സ് ഡൈനാമോസിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സെക്രട്ടറീസ് ടൈറ്റൻസ് വിജയിച്ചു.
ജേതാക്കൾക്ക് സൂപ്പർ ലിഗയുടെ മുഖ്യ സ്പോൺസർമാരായ അറ്റൻഷൻ അക്ക്യുറസി, അറ്റോവ് ഗ്ലോബൽ പ്രതിനിധികൾ രാജൻ ഡാനിയൽ, മെൽട്ടൻ സേവിയർ എന്നിവർ ചേർന്ന് ട്രോഫികളും മെഡലുകളും നൽകി.
സമാപന ചടങ്ങിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നബീൽ പാഴൂർ, സെക്രട്ടറി നസീബ് പുത്തൻപീടിക എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ ടൂർണമെന്റിലെ മികച്ച കളിക്കാർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. ഗോൾഡൻ ബൂട്ട്: ത്വാഹിർ, ഗോൾഡൻ ബോൾ: മുബാഷിർ ഇഖ്ബാൽ, ഗോൾഡൻ ക്ലീറ്റ്: സിദാൻ, ഗോൾഡൻ ഗ്ലവ്: സജീർ, എമർജിങ് പ്ലെയർ: നസീഫ്, മാൻ ഓഫ് ദ ഫൈനൽ: മുബാഷിർ ഇഖ്ബാൽ, ഫെയർ പ്ലേ അവാർഡ്: റിയൽ മലാസ് എഫ് സി ടീം എന്നിവർ കരസ്ഥമാക്കി,
ടൂർണമെന്റിന് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നവാസ് ഞാറപ്പുലാൻ, അനസ് അബൂബക്കർ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.



