ജിസാൻ: പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി.എ. സലാം പെരുമണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുടെ പുതിയ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ ട്രഷറർ ഡോ. മൻസൂർ നാലകത്ത് വിശദീകരിച്ചു. ‘പ്രവാസി കെയർ’ പദ്ധതിയുടെയും മറ്റ് പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ കൺവീനർ ബഷീർ ആക്കോട് പരിചയപ്പെടുത്തി. “ലീഗ് പറയാം” എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് നാസർ വി.ടി. ഇരുമ്പുഴി പ്രഭാഷണം നടത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കെഎംസിസി നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ബഷീർ എടക്കര വിശദീകരിച്ചു.
‘പ്രവാസി കെയർ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ വെബ്സൈറ്റ് വഴി ഏകോപിപ്പിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി ഹാരിസ് കല്ലായി (ജിസാൻ ടൗൺ, ഫർസാൻ, മഅബൂജ്, സനാഇയ്യ), ബഷീർ ആക്കോട് (ദർബ്, ബൈഷ്, അബുസല, അൽ റൈത്ത്), കെ.ടി. സ്വാദിഖ് മങ്കട (സബിയ, ഐദാബി, ദാഇർ, ആർദ), ശംസുദ്ദീൻ ഔലാൻ (മദായ, അൽ അഹദ്, സാംത്ത, അബു അരീഷ്) എന്നിവരെ അഡ്മിനുകളായും ഡോ. മൻസൂർ നാലകത്തിനെ സൂപ്പർ അഡ്മിനായും കൗൺസിൽ മീറ്റിങ് തിരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും സിറാജ് പുല്ലൂരാൻപാറ നന്ദിയും പറഞ്ഞു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാർ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.