ജിദ്ദ– രാഗതാളങ്ങളുടെ സ്വരസുധയാൽ തലമുറകളെ തഴുകിയുണർത്തിയ എ. വി. മുഹമ്മദ്, ആലപ്പുഴ റംലാബീഗം, നാഗൂർ ഇ. എം. ഹനീഫ എന്നിവർക്ക് ജിദ്ദയിലെ സഹൃദയരുടെ ഓർമപ്പൂക്കൾ. നൂഹ് ബീമാപള്ളി, മുസ്തഫ കുന്നുംപുറം, റിയാസ് പുളിക്കൽ എന്നിവരുടെ കൂട്ടായ്മയാണ് ലാലു ഇവന്റ്സിന്റെ ബാനറിൽ ജിദ്ദ സഫയർ ഓഡിറ്റോറിയത്തിൽ ഈ ഗായകരെ അനുസ്മരിച്ച ചടങ്ങിന് നേതൃത്വം നൽകിയത്. മൂന്ന് പേരുടെയും പാട്ടുകൾ പുനരാവിഷ്കരിച്ചത് സദസ്സ് ഹർഷാരവങ്ങളോടെ ഏറ്റു പാടി. നാഗൂർ ഹനീഫയുടെ പ്രസിദ്ധമായ തമിഴ് പാട്ടുകൾ നൂഹ് ബീമാപള്ളിയും ആലപ്പുഴ റംലാബീഗത്തിന്റെ തെരഞ്ഞെടുത്ത പാട്ടുകൾ അവരുടെ ആത്മമിത്രം കൂടിയായ ബീഗം ഖദീജ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരും എ. വി യുടെ പ്രസിദ്ധ ഗാനങ്ങൾ മുസ്തഫ കുന്നുംപുറം, ഹസൻ കൊണ്ടോട്ടി (മമ്പുറം പൂ മഖാമിലെ…) എന്നിവരും ആലപിച്ചു.
ആഷിർ കൊല്ലം, നാസർ മോങ്ങം, മുഹമ്മദ് കുട്ടി അരിമ്പ്ര, ലയ മോൾ, യാസർ ചട്ടിപ്പറമ്പ്, ആയിഷ നാസർ, സലാഹുദ്ദീൻ വാളക്കുട എന്നിവരും ഗാനങ്ങൾ ആലപിച്ചു. ഹസൻ കൊണ്ടോട്ടി അവതാരകനായിരുന്നു. പഴയ മാപ്പിളപ്പാട്ടുകളി ലേക്കുള്ള യാത്ര മുസാഫിർ ഉദ്‌ഘാടനം ചെയ്തു. അഷ്റഫ് കാലിക്കറ്റ്, സിമി സുകുമാരൻ, ഷാഹിന ആഷിർ എന്നിവർ നേതൃ ത്വം നൽകി. ഫൈസ ചിട്ടപ്പെടുത്തിയ കുട്ടികളുടെ നൃത്തം ആകർഷകമായി. അലി തേക്കുതോട് സി.എം ആക്കോട് ആശംസാ പ്രസംഗങ്ങൾ നിർവഹിച്ചു.