ജിദ്ദ- അബീർ എക്സ്പ്രസിന്റെയും അഹ്ദാബ് ഇന്റർനാഷനൽ സ്‌കൂളിന്റെയും നേതൃത്വത്വത്തിൽ ജിദ്ദ മല്ലൂസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ചെസ്, മൈലാഞ്ചി മത്സരങ്ങൾ ഈ മാസം 16, 17 തീയതികളിൽ അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 18 വയസ്സിന് താഴെ പ്രായമുള്ളവരെ ജൂനിയർ വിഭാഗത്തിൽ ഉൾപ്പെടുത്തും. ജിദ്ദയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിൽ മത്സരിക്കാം. വിജയികൾക്ക് സ്വർണ്ണ നാണയങ്ങളാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഒക്ടോബർ 16 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ചെസ് മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. 7 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെസ് ഫൈനൽ റൗണ്ട് മത്സരങ്ങളും 4 മണിക്ക് കുടുംബിനികൾക്കും കുട്ടികൾക്കുമുള്ള മൈലാഞ്ചി മത്സരങ്ങളും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 0507847327, 0535249251, 0535628140, 0556945747 നമ്പറുകളിൽ ബന്ധപ്പെടാം. ഈ (https://forms.gle/UyNLA4c6wnLP4f6h9) ലിങ്ക് മുഖേനയും രജിസ്ട്രേഷൻ നടത്താം.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അയ്യൂബ് മുസ്ലിയാരകത്ത്, ഡോ. ഇന്ദു ചന്ദ്രശേഖരൻ, നാസർ ശാന്തപുരം, നൗഷാദ് ചാത്തല്ലൂർ, മത്സരങ്ങളുടെ മുഖ്യ പ്രായോജകരായ അഹ്ദാബ് ഇൻ്റർ നാഷണൽ സകൂൾ മാനേജിംഗ് ഡയറക്ടർ സുലൈമാൻ ഹാജി, പ്രിൻസിപ്പൽ അൻവർ ഷജ എന്നിവർ പങ്കെടുത്തു.