ജിദ്ദ- ജാതിയും മതവുമെല്ലാം ചോദിച്ചുകൊണ്ട് അക്രമം നടത്തുന്നവർ ഏതെങ്കിലും മതവിശ്വാസികളല്ലെന്നും ഭീകരവാദവും തീവ്രവാദവുമാണ് അവരുടെ യഥാർത്ഥ മതമെന്നും ഇസ്ലാഹീ പ്രഭാഷകൻ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ‘ഇസ്ലാം : യുദ്ധവും സമാധാനവും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടാളുകൾ ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകവാകാശിയാണെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. അക്രമത്തിനെതിരെ സദാ പ്രതികരിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ നിലപാട്.
സ്വന്തം ജീവൻ നൽകിയും ഇത്തരം നിലപാടുകളിൽ ഉറച്ചു നിന്ന കാശ്മീരികളെ നമുക്ക് കാണാൻ കഴിഞ്ഞു. സ്വന്തം മതത്തിലോ ആശയത്തിലോ സംഘടനയിലോ ഉള്ളവൻ ആണെങ്കിലും അന്യായം പ്രവർത്തിച്ചാൽ അവനെ പിന്തുണക്കുന്നതും അവന് വേണ്ടി വാദിക്കുന്നത് പോലും വർഗീയതയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നന്മയുടെ കാര്യത്തിലും ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്ന കാര്യത്തിലും പരസ്പരം സഹകരിക്കണമെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒരിക്കലും അതുണ്ടാകരുതെന്നുമാണ് വിശ്വാസികളോട് കൽപ്പിക്കപ്പെട്ടത്. എന്നാൽ നമ്മുടെ നിർഭയത്വം ഇല്ലാതാക്കി നിരന്തരം അക്രമത്തിന്റെ മാർഗ്ഗത്തിലുള്ളവരെ പിന്തുടർന്നുകൊണ്ട് തീർത്തുകളയണമെന്ന ഖുർആൻ വാക്യത്തെ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പൊതുസമൂഹത്തിൽ അവതരിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ അക്രമികളെ നേരിടണമെന്നാണ് ഈ സൂക്തത്തിലൂടെ ഖുർആൻ ആവശ്യപ്പെടുന്നത്. ഒരു വിശ്വാസി എപ്പോഴും അക്രമത്തിനെതിരെ പ്രതികരിക്കേണ്ടത് അവധാനതയോടെയും ഗുണകാംക്ഷയോടെയുമാകണം. സ്വന്തത്തിന് എതിരാണെങ്കിൽ പോലും നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ് നമ്മൾ പഠിപ്പിക്കപ്പെട്ടത്. ആരുടെയെങ്കിലും കയ്യടി നേടാനോ ആരെയെങ്കിലും ന്യായീകരിക്കാനോ ആകരുത് നമ്മുടെ പ്രതികരണങ്ങൾ. ഇത്തരത്തിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ ആത്യന്തികമായി സൃഷ്ടാവിന്റെ സഹായം നമുക്കുണ്ടാകും. ഏറ്റവും വലിയ രാജ്യദ്രോഹിയായി മുദ്ര കുത്തിയിരിന്ന ‘ആൾട്ട് ന്യൂസ്’ ലേഖകരൊക്കെ ഇന്ന് എതിരാളികൾക്ക് പോലും ഹീറോ ആകുന്ന കാഴ്ചയാണ് നാം കാണുന്നത്.
എന്നാൽ യുദ്ധത്തിന്റെ സ്കോറിങ് ആവേശത്തോടെ ചർച്ച ചെയ്യുമ്പോഴും യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ല എന്നാണ് നയതന്ത്രരംഗത്തെ വിദഗ്ദ്ധരൊക്കെ അഭിപ്രായപ്പെടുന്നത്. പല രാഷ്ട്രങ്ങളും വർഷങ്ങളായി അതിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്ന് നാം ഓർക്കണമെന്നും അദ്ദേഹം ഉണർത്തി. ആസിം ആശിഖ് ഖിറാഅത്ത് നടത്തി. നദാഷ ഗാനമാലപിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിക്കുകയും നൗഫൽ കരുവാരക്കുണ്ട് നന്ദിയറിയിക്കുകയും ചെയ്തു.