ജിദ്ദ: സർവ്വലോക സ്രഷ്ടാവ് മാനവരാശിയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവന്റെ കാരുണ്യത്തിൽ ആരും നിരാശരാകരുതെന്നും പ്രമുഖ പണ്ഡിതൻ അഹമ്മദ് സദാദ് മദനി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ആരും അറിയാത്ത രഹസ്യമായ നന്മകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസഹജമായ തെറ്റുകളിൽ പശ്ചാതപിച്ച് ജീവിതം വിമലീകരിക്കുകയും നന്മയുടെ പാതയിലേക്ക് തിരികെ വരികയുമാണ് വേണ്ടത്. ദൈവവും മനുഷ്യനും തമ്മിലുള്ള രഹസ്യമായ ബന്ധത്തിന്റെ കാതൽ ഇതാണെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയുടെ അന്ത്യയാമങ്ങളിൽ സ്രഷ്ടാവിലേക്ക് കൈകളുയർത്തി പാപമോചനം തേടുന്ന അടിമയെ കരുണാമയനായ ദൈവം ഏറെ ഇഷ്ടപ്പെടുന്നു. ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഏറെ കാരുണ്യമുള്ളവനാണ്. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചവർ പോലും ദൈവകാരുണ്യത്തിൽ നിരാശപ്പെടേണ്ടതില്ലെന്ന ഖുർആനിക സൂക്തം അദ്ദേഹം ഓർമ്മിപ്പിച്ചു.


സ്രഷ്ടാവ് മനുഷ്യന്റെ പുറംമോടിയിലേക്കല്ല, മറിച്ച് ഹൃദയവിശുദ്ധിയിലേക്കാണ് നോക്കുന്നത്. അതിനാൽ രഹസ്യമായി നന്മകൾ ചെയ്യുന്നത് വിശ്വാസിയെ കൂടുതൽ സൂക്ഷ്മതയുള്ളവനാക്കാൻ സഹായിക്കും. പബ്ലിസിറ്റിക്കും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കും വേണ്ടി നടത്തുന്ന ദാനധർമ്മങ്ങളും സേവനങ്ങളും ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുകയെന്നും ലോകരക്ഷിതാവിങ്കൽ രഹസ്യമായ ഇടപെടലുകൾക്കാണ് കൂടുതൽ പ്രതിഫലമെന്നും അദ്ദേഹം സദസിനെ ഉണർത്തി. ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.



