ജിദ്ദ- നമ്മുടെ നാട്ടിൽ വ്യാപകമായ ലഹരിവിപത്തിനെതിരെ പല സംഘടനകളും പ്രതികരിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന ആത്യന്തിക വിപത്തായ പരലോകനഷ്ടത്തെക്കുറിച്ചാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന് ഒന്നാമതായി പറയാനുള്ളതെന്ന് കെ.എൻ.എം സംസ്ഥാന ട്രഷററും കേരള ഹജ് കമ്മിറ്റി മെമ്പറുമായ നൂർ മുഹമ്മദ് നൂർഷ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ആദർശസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ തനതായ ആദർശത്തിലാണ് ഇസ്ലാഹി പ്രസ്ഥാനം നിലകൊള്ളുന്നത്. സംഘടന അതിന്റെ ആദർശത്തിൽ വീഴ്ച വരുത്തിയാൽ അത് നമ്മളെയും വരും തലമുറയെയും ബാധിക്കും. അതിനാൽ ഈ പ്രസ്ഥാനം ആദർശത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉണർത്തി.
കുൻഫുദ ജാലിയാത്ത് മേധാവി ശൈഖ് ഹസ്സൻ അലി ഹർബി മുഖ്യാഥിതിയായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവവികാസങ്ങളുമുണ്ടായത് റമദാനിലായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച കെ.എൻ.എം മുൻ സംസ്ഥാന സെക്രട്ടറി എം അബ്ദുറഹ്മാൻ സലഫി പറഞ്ഞു.
ശൈഖ് ഹസ്സൻ അലി ഹർബി, നൂർ മുഹമ്മദ് നൂർഷ, എം അബ്ദുറഹ്മാൻ സലഫി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഇസ്ലാഹീ സെന്ററിന്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു. റമദാനിൽ സെന്ററിൽ എല്ലാ ദിവസവും ഇഫ്താറിന് ശേഷം നടന്ന പഠനക്ലാസ്സിനോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുഷ്ത്താഖ് അഹമ്മദ്, മുഹമ്മദ് അബ്ദുൽ ഹമീദ്, മിന്നാഹ്, സിതാര ജാസ്മിൻ, റഹീല ഷറഫുദ്ധീൻ, ഫാരിസ് ഫൈസൽ, ബിൻഷ എന്നിവർ സമ്മാനാർഹരായി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.