റിയാദ്: ഗരുഡന്‍ കളിയും തെയ്യവും തിറയും കാവടി കരകാട്ടവും രാജസ്ഥാനി, പഞ്ചാബി നൃത്തങ്ങളും മയിലാട്ടവും പൊയ്കാല്‍ നൃത്തവും തകര്‍ത്താടിയപ്പോള്‍ റിയാദ് സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ ആരവം. റിയാദ് സീസണിനോടനുബന്ധിച്ച് സുവൈദി പാര്‍ക്കില്‍ ആരംഭിച്ച ഇന്ത്യന്‍ സാംസ്‌കാരികോത്സവത്തിലാണ് അറബ് പൗരന്മാരടക്കമുള്ള ആസ്വാദകവൃന്ദം ഇന്ത്യന്‍ കലാപ്രകടനങ്ങളില്‍ ആവേശത്തിമര്‍പ്പിലായത്. കണ്ടു നിന്ന ഇന്ത്യക്കാര്‍ക്ക് ഗൃഹാതുരത്വവും. ഇന്ന് വെള്ളിയാഴ്ച കൂടുതല്‍ പേരെത്തുമെന്നതിനാല്‍ വന്‍ സജ്ജീകരണങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെയാണ് ഇന്ത്യന്‍ ആഘോഷം.
സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്ത കലാകാരന്മാരാണ് ഇന്ത്യന്‍ ഉത്സവം ഉജ്വലമാക്കുന്നത്. ബിശ്വജിത്ത്, ശിവ ശര്‍മ, ഡിജെ ശ്രേയ, ജാന്‍ കുമാര്‍, വിവേക് മിശ്ര, പ്രിയാന്‍ഷി, ഫരീദ് അലി, വര്‍ഷ പ്രസാദ്, റാപ്പര്‍ എംസി സ്റ്റാന്‍, റിയ ഭട്ടാചാര്യ, കനിക ജി കപൂര്‍, റിമോ ഘോഷ് തുടങ്ങിയ കലാകാരന്മാരാണ് സ്റ്റേജില്‍ ഗാനസന്ധ്യക്ക് നേതൃത്വം നല്‍കുന്നത്. വെകുന്നേരം നാലു മുതല്‍ രാത്രി 12 വരെയാണ് ആഘോഷ സമയം. വാരാന്ത്യങ്ങളില്‍ രാത്രി ഒരു മണിവരെ തുടരും. പ്രവേശനം സൗജന്യമാണ്.
വൈകുന്നേരം ആറു മണിക്കും രാത്രി ഒമ്പത് മണിക്കും ബന്‍ഗ്ര, ഗര്‍ഭ, ഗരുഡന്‍ ആക്ട്, ചെണ്ടമേളം, ഓണം ഡാന്‍സ്, പീകോക്ക് ഡാന്‍സ്, മിറര്‍, ഇന്ത്യന്‍ ലോംഗ് മെന്‍, നാസിക് ബാന്റ്്, തെയ്യും, തിറ, കാവടിയാട്ടം കലാകാരന്മാര്‍ പാര്‍ക്കിനെ വലയം വെക്കും.
ഇന്ത്യന്‍ കലകളുടെ വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന ഈ പരിപാടിയാണ് ഇന്ത്യന്‍ ഉത്സവത്തിലെ പ്രധാന ആകര്‍ഷകം. കേരളത്തിലെ ഉത്സവപറമ്പുകളിലെ പ്രതീതിയാണ് പാര്‍ക്കിലെങ്ങും.
ഇന്ത്യന്‍ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്. ഇന്ത്യന്‍ ഉത്സവത്തിന് ശേഷം ഡിസംബര്‍ 20 വരെ ബംഗ്ലാദേശ്, ഈജിപ്ത്, ലിവാന്റ്, യമന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഉഗാണ്ട, എത്യോപ്യ, സുഡാന്‍ എന്നീ സമൂഹങ്ങളുടെ സാംസ്‌കാരികോത്സവങ്ങള്‍ നടക്കും.



