ജിദ്ദ: ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള പുണ്യതീർത്ഥാടനത്തിന്റെ പ്രൗഢമായ ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന എക്‌സിബിഷനും ഹജ് സമ്മേളനവും സംഘടിപ്പിക്കാന്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) തീരുമാനിച്ചു. “ഇന്ത്യന്‍ റോഡു ടു മക്ക” എന്ന ശീര്‍ഷകത്തില്‍ മെയ് 31 ന് ശനിയാഴ്ച ജിദ്ദയിലാണ് പരിപാടി. മലൈബാരികളുടെ ബാല്യകാല ഹജ് ഓര്‍മകളും ആദ്യകാല പ്രവാസി പ്രമുഖരുടെ ഹജ്ജനുഭവങ്ങളും പരിപാടിയുടെ സവിശേഷതയായിരിക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു.
അറേബ്യ വറുതിയിലായിരുന്ന പോയ നൂറ്റാണ്ടുകളില്‍ പുണ്യഭൂമിയെ ഉര്‍വരമാക്കിയ സമ്പന്ന നാടായിരുന്നു ഇന്ത്യ. മുസ്‌ലിം-ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്നുള്ള സമ്പന്ന തീര്‍ഥാടകരും ഭരണാധികാരികളും കേയി റുബാത്ത് അടക്കം പുണ്യ നഗരങ്ങളില്‍ ഡസന്‍ കണക്കിന് താമസകേന്ദ്രങ്ങള്‍ പണിതു. തീര്‍ഥാടകര്‍ക്കുള്ള ഇന്ത്യന്‍ പാരിതോഷികങ്ങളുമായി പായക്കപ്പലുകള്‍ ആണ്ടോടാണ്ട് ജിദ്ദാ തീരത്തണഞ്ഞു.
ഇന്ത്യന്‍ തീര്‍ഥാടകരെ കൊള്ളയടിക്കാന്‍ ചെങ്കടലില്‍ കേന്ദ്രീകരിച്ച പറങ്കികളെ ചെറുക്കാന്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധമതിലുകള്‍ നൂറ്റാണ്ടുകളോളം പുണ്യനഗരങ്ങളുടെ കവാടനഗരിക്ക് കാവലാളായി ഉയര്‍ന്നുനിന്നു. ബ്രിട്ടീഷുകാരുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് മക്കയില്‍ അഭയം തേടിയവര്‍, വിദ്യാഭ്യാസ വിപ്ലവത്തിന്റെ പ്രകാശഗോപുരം തീര്‍ത്തപ്പോള്‍ അറേബ്യയിലെ അല്‍അസ്ഹറായി അബ്ദുല്‍ അസീസ് രാജാവ് വിശേഷിപ്പിച്ച മദ്രസത്തുസൗലത്തിയയും അക്ഷരവെളിച്ചം നുകരാന്‍ പറ്റാതിരുന്ന മലൈബാരികളുടെ വക ഒരു നൂറ്റാണ്ടുമുമ്പ് മദ്രസത്തുല്‍ മലൈബാരിയയും ഉയര്‍ന്നുപൊങ്ങി.
ഇന്നുവരെയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഈ മഹിത ചരിതത്തിന്റെ വാങ്മയ ചിത്രങ്ങളും ദൃശ്യാവിഷ്കാരവും ജിദ്ദയിലെ മലയാളി സമൂഹവുമായി പങ്കുവെക്കുന്നതായിരിക്കും പ്രദര്‍ശനമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.
ജിജിഐ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. ഇബ്രാഹിം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. കബീര്‍ കൊണ്ടോട്ടി, ചെറിയ മുഹമ്മദ് ആലുങ്ങല്‍, അബു കട്ടുപ്പാറ, ഹുസൈന്‍ കരിങ്കറ, ശിഫാസ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, നൗഷാദ് താഴത്തെവീട്ടില്‍, അഷ്‌റഫ് പട്ടത്തില്‍, മുബഷിര്‍, ജെസി ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, നാസിറ സുല്‍ഫി എന്നിവര്‍ സംസാരിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ നടക്കുന്ന ഇസ്‌ലാമിക് ആർട്ട് ബിനാലെ ജിജിഐ സംഘം സന്ദര്‍ശിച്ചു.