ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫോറം ഫോർ ഇന്നവേറ്റീവ് തോട്ട്സ് (ഫിറ്റ്) സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി. ‘പതിനാറാം കേരള നിയമസഭ: പ്രതീക്ഷകളും പ്രത്യാശകളും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ മുൻനിര നേതാക്കൾ പങ്കെടുത്തു.
കഴിഞ്ഞ പത്ത് വർഷത്തെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെയും വികസന നയങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു സംവാദം. നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടിനെ അനുസ്മരിപ്പിക്കും വിധം ഭരണ-പ്രതിപക്ഷ അനുകൂലികൾ തമ്മിൽ നടന്ന ആരോഗ്യകരമായ ചർച്ചകൾ പരിപാടിയുടെ പ്രത്യേകതയായി. സദസ്യർക്ക് നേതാക്കളോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദുരീകരിക്കാനും അവസരം ലഭിച്ചു.


സി.കെ. റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്‌ഹാഖ് പൂണ്ടോളി വിഷയമവതരിപ്പിച്ചു. ഹക്കീം പാറക്കൽ (ഒഐസിസി), ഷിബു തിരുവനന്തപുരം (നവോദയ), ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ), കബീർ കൊണ്ടോട്ടി (പൗരാവലി) എന്നിവർ വിവിധ രാഷ്ട്രീയ പക്ഷങ്ങളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. അബു കട്ടുപ്പാറ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. നൗഫൽ ഉള്ളാടൻ സമാപന പ്രസംഗം നടത്തി.
ജാഫർ വെന്നിയൂർ സ്വാഗതവും നാസർ മമ്പുറം നന്ദിയും രേഖപ്പെടുത്തി. അഫ്‌സൽ നാറാണത്ത്, മുസ്തഫ മാസ്റ്റർ, ജംഷീർ കെ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



