ഗാസ – ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ കമാന്‍ഡറായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും. തങ്ങളുടെ നേരിട്ടുള്ള ഉത്തരവനുസരിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് നെതന്യാഹുവും കാറ്റ്സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2023 ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ശില്‍പികളില്‍ ഒരാളാണ് ഔദ എന്ന് ഇരുവരും വ്യക്തമാക്കി.
ഒക്ടോബര്‍ 7 ആക്രമണത്തില്‍ മുഹമ്മദ് ഔദ ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവനായി സേവനമനുഷ്ഠിച്ചതായി ഇസ്രായില്‍ പ്രസ്താവന പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദിന്റെ പിന്‍ഗാമിയായി ഏകദേശം ഒരു ആഴ്ച മുമ്പ് ഹമാസ് സൈനിക വിഭാഗം കമാന്‍ഡറായി മുഹമ്മദ് ഔദ നിയമിതനായി. നിരവധി ഇസ്രായിലി സിവിലിയന്മാരെയും ഐ.ഡി.എഫ് സൈനികരെയും കൊലപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോയതിനും പരിക്കേല്‍പ്പിച്ചതിനും ഔദ ഉത്തരവാദിയാണെന്ന് ഇസ്രായില്‍ ആരോപിച്ചു.
ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ പങ്കാളിത്തം വഹിച്ച എല്ലാവരെയും ഇസ്രായില്‍ പിന്തുടരുന്നത് തുടരുമെന്ന് നെതന്യാഹുവും കാറ്റ്‌സും കൂട്ടിചേർത്തു. ഉടന്‍ അല്ലെങ്കില്‍ പിന്നീട് ഇസ്രായില്‍ അവരിലേക്ക് എത്തും. ഗാസ മുനമ്പില്‍ ഹമാസ് നേതാക്കള്‍ക്കെതിരായ ഓപ്പറേഷനില്‍ സൈന്യവും ആഭ്യന്തര സുരക്ഷാ സര്‍വീസും (ഷിന്‍ ബെറ്റ്) നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രശംസിച്ചു. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും, പ്രസ്ഥാനത്തിന്റെ നേതൃത്വത്തെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള
ഇസ്രായില്‍ സൈനിക നടപടികള്‍ വര്‍ധിച്ചതിനും ഇടയിലാണ് മുഹമ്മദ് ഔദയെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ അറിയിച്ചത്. വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളും വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച പരോക്ഷ ചര്‍ച്ചകളും തടസ്സപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഔദയുടെ വിധിയെ കുറിച്ചോ അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിന്റെ വിശദാംശങ്ങളെ കുറിച്ചോ ഹമാസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
മുഹമ്മദ് ഔദയെ ഗാസ നഗരത്തിലെ അല്‍രിമാല്‍ ഡിസ്ട്രിക്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയെന്നാണ് ഗാസ മുനമ്പിലെ മൂന്ന് ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഫലമായി ഔദയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേതാണെന്ന് കരുതുന്ന മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതായി ഹമാസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായും വ്യക്തമാക്കി.
ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാന്‍ഡറായ ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദിനെ വധിച്ചതായി മെയ് 16 ശനിയാഴ്ച ഇസ്രായില്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദിനെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ മറ്റ് പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദിനെ ലക്ഷ്യമിട്ട് ഗാസ നഗരത്തിന്റെ മധ്യഭാഗത്ത് നടന്ന ആക്രമണത്തില്‍ മൂന്ന് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായും ഓപ്പറേഷനില്‍ യുദ്ധവിമാനങ്ങള്‍ 13 ബോംബുകള്‍ വര്‍ഷിച്ചതായും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



