ദമാം: പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിമുഖീകരികുന്ന വിവിധ വിഷയങ്ങൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്ക്’ ഭാരവാഹികൾ ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് സംബന്ധമായി ഡിസ്‌പാക്ക് ഒരു നിവേദനവും എം.പിക്ക് സമർപ്പിച്ചു. വിഷയം പഠിച്ച ശേഷം പാർലമെന്റിൽ അവതരിപ്പിക്കുന്നതോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഡിസ്പാക് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
ഗേൾസ് വിഭാഗം സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനസ്ഥാപിക്കുക, രക്ഷിതാക്കൾക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ പ്രധാന വിഷയങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തി. ഡിസ്പാക് ചെയർമാൻ നജീ ബഷീർ, പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ, ജന:സെക്രട്ടറി താജ് അയ്യാരിൽ, ട്രഷറർ ആസിഫ് താനൂർ, മറ്റു ഭാരവാഹികളായ മുജീബ് കളത്തിൽ, ഇർഷാദ് കളനാട് എന്നിവർ ഡിസ്പാക്കിനെ പ്രതിനിധീകരിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ചു.