ജിദ്ദ- വായന മരിക്കുന്നുവെന്ന പരിഭവങ്ങൾ അവസാനിപ്പിക്കാനും പ്രവാസി സമൂഹത്തിനിടയിൽ വായനയുടെ പുതുവസന്തം തീർക്കുന്നതിനുമായി ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമൻ കലക്ടീവും സംയുക്തമായി കമ്യൂണിറ്റി ലൈബ്രറി സംവിധാനത്തിന് തുടക്കമിട്ടു. സോഷ്യൽ മീഡിയ യുഗത്തിലും വായനക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രവാസി വായനകളെ പരിപോഷിപ്പിക്കുന്നതിനാണ് ജിദ്ദ സിജി കമ്മ്യൂണിറ്റി ലൈബ്രറി യാഥാർത്ഥ്യമാക്കിയത്.
സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി സിജി ജിദ്ദ കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിംഗ് നിർവഹിച്ചു. ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിങ്ങിന്റെ പിന്നണി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കോഡിനേറ്റർമാരുടെ ഉത്തരവാദിത്വത്തിൽ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നടക്കുന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പ്രവർത്തന രീതി,പുസ്തകങ്ങൾ സർക്കുലേറ്റ് ചെയുന്ന പ്രവർത്തനം, മെമ്പർഷിപ്പ് നേടുന്നതിന്റെ നടപടി ക്രമങ്ങൾ, നിയമാവലികൾ എന്നിവ കമ്മ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോർട്ടൽ തയ്യാറാക്കിയ ജിദ്ദ സിജി ചാപ്റ്റർ മീഡിയ ഹെഡ് റഫീഖ് പേരൂൾ വിശദീകരിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെ.സി.ഡബ്ലിയു. സി മെമ്പറും ലൈബ്രറി കോഡിനേഷൻ ഹെഡുമായ ഇർഫാന സജീർ സംസാരിച്ചു. ജിദ്ദ സിജി വുമൺ കലക്റ്റീവ് മെമ്പർ അമീന തൻസിംന്റെ കവിത സമാഹരമായ ‘ശലഭായനം’ പുസ്തകപ്രകാശനം നടത്തി. ലൈബ്രറിയുടെ ലോഞ്ചിംഗിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെ.സി. ഡബ്ലിയു.സിജി മീഡിയ വിംഗ് കോഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അൻവർ പ്രകാശനം നിർവഹിച്ചു. സിജി ജിദ്ദ ചാപ്റ്റർ ഉപദേശക സമിതി ഹെഡ് കെ.ടി അബൂബക്കർ അബ്ദുറഹ്മാൻ, സിജി ജിദ്ദ വൈസ് ചെയർമാൻ മുഹമ്മദ് ബൈജു, റൂബി സമീർ, എ.എം അഷ്റഫ്, ശാക്കിർ ഹുസൈൻ, റഷീദലി,സാദിഖലി തുവ്വൂർ,മുസാഫിർ, സലാഹ് കാരാടൻ, ഹസ്സൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, എം. സജിത്ത്ജെ,.സി ഡബ്ലി.യു.സി ഡെപ്യൂട്ടി ഹെഡ് നബീല അബൂബക്കർ ആയിരുന്നു പ്രോഗ്രാമിന്റെ അവതാരക. ജെ.സി ഡബ്ലിയു.സി ട്രഷറർ മാജിത കുഞ്ഞി, ജെ.ഡബ്ലി.യു.സി ജനറൽ സെക്രട്ടറി സൗദ കാന്തപുരം, ജെ. സി.ഡബ്ലിയു.സി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ് എന്നിവർ സംസാരിച്ചു.