ജിസാൻ: കോഴിക്കോട് സ്വദേശിയെ ജിസാൻ ബെയിഷിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടിൽ അഫ്സൽ താഹ(35)യാണ് മരിച്ചത്. ജിസാൻ ബൈഷിലുള്ള ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന അഫ്സലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കമ്പനിയിൽ ഒപ്പം ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയാണ് ഇന്ന് രാവിലെ അഫ്സലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനി അധികൃതർ അറിയിച്ചതനുസരിച്ച് ബെയ്ഷ് സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികൾക്ക് ശേഷം മൃതദേഹം അൽദർബ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അഫ്സൽ ദീർഘകാലമായി അപസ്മാര രോഗ ബാധിതനായിരുന്നതായി കമ്പനിയിലെ സഹപ്രവർത്തകർ പറയുന്നു. കഴിഞ്ഞ എട്ടു വർഷമായി ബെയിഷിൽ റിവൈവ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വടക്കെണി കോയാലിയുടെയും ഖദീജയുടെയും മകനാണ് അഫ്സൽ താഹ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ കെ. എം.സി.സി പ്രവർത്തകർ സഹായങ്ങളുമായി രംഗത്തുണ്ട്.