ജിദ്ദ: കോളേജ് കാമ്പസിലെ ഓർമ്മകളിലേക്ക് തിരികെ നടന്ന് ‘ജെംസ് കോളേജ് രാമപുരം’ ജിദ്ദ അലൂംനി ഘടകം.’തിരികെ 2025 ‘ എന്ന പേരിൽ ജിദ്ദയിൽ നാലാമത് വാർഷിക സംഗമം സംഘടിപ്പിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ജെംസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് കാലത്തെ മങ്ങാതെ നിൽക്കുന്ന സ്മരണകൾ അയവിറക്കിയും പങ്കുവെച്ചും ‘തിരികെ 2025 ‘ വാർഷിക സംഗമം ഹൃദ്യമാക്കി.

നിയാസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് വിദ്യാർഥികൾ മയക്കുമരുന്നിന്റെ വലയത്തിൽ അകപ്പെടുന്നതിന്റെ വർത്തമാനകാല സംഭവങ്ങളെ ഉണർത്തിക്കൊണ്ട് ഒരു നല്ല സമൂഹത്തിന്റെ ഭാവിക്കു നമ്മുടെ കുട്ടികളെ നേരായ ദിശയിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കണമെന്ന് സംഗമം ഉത്ഘാടനം ചെയ്ത് മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട് പറഞ്ഞു. കാലത്തിന്റെ സാങ്കേതിക വളർച്ചയ്ക്കനുസൃതമായ തുടർ വിദ്യാഭ്യാസവും നൈപുണി വികാസവും നേടിയെടുക്കണമെന്ന് ജെംസ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യാതിഥി പങ്കെടുത്തു സംസാരിച്ച സാമൂഹ്യപ്രവർത്തകൻ നസീർ വാവാകുഞ്ഞു പറഞ്ഞു.
സഫ്‌വാൻ കൂളത്ത്, അനീസ് കുന്നപ്പള്ളി, നാജി കൊങ്ങത്ത്, വാസിഹ് ചെറുകര തുടങ്ങിയവർ സംസാരിച്ചു. എ.കെ വർദ്ദ സ്വാഗതവും റഷീദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന വയ്‌ബം മ്യൂസിക്കൽ ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.