ജിദ്ദ- ഹജ് തീര്‍ഥാടകര്‍ക്ക് ആതുരസേവനവുമായി ഇക്കുറിയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മിനായില്‍ സാന്നിധ്യമറിയിക്കുന്നു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റേയും ഹജ്-ഉംറ മന്ത്രാലയത്തിന്റേയും അംഗീകാരത്തോടെ അര്‍ജന്റ് മെഡിക്കല്‍ കെയര്‍ ക്ലിനിക് മിനായില്‍ തിങ്കളാഴ്ച രാത്രി പ്രവര്‍ത്തനമാരംഭിച്ചു. മിനായില്‍ 520 ാം നമ്പര്‍ സ്ട്രീറ്റില്‍ 5505 നമ്പര്‍ ടെന്റിലാണ് അബീര്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. സേവന സന്നദ്ധരായ ഡോക്ടര്‍മാരുടേയും നഴ്‌സിംഗ്, പാരമെഡിക്കല്‍, ഫാര്‍മസി സ്റ്റാഫിന്റേയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് അബീര്‍ മാനേജ്‌മെന്റ് അറിയിച്ചു. ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന തീര്‍ഥാടകര്‍ക്ക് അബീറിന്റെ മക്കയിലെ ആശുപത്രിയായ സൗദി നാഷണല്‍ ഹോസ്പിറ്റലില്‍ സൗകര്യമൊരുക്കും.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും ഹജ് മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ക്ലിനിക് സന്ദര്‍ശിച്ച് സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഹാജിമാര്‍ മിനാ വിടുന്നതുവരെ ക്ലിനിക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കഴിഞ്ഞ കൊല്ലത്തെപ്പോലെ ഇത്തവണയും തീര്‍ഥാടകര്‍ക്ക് കാലാവസ്ഥയായിരിക്കും മുഖ്യവെല്ലുവിളിയാകുക. ഹജ് ദിനങ്ങളില്‍ താപനില കൂടുതലായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കടുത്ത ചൂടു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അബീര്‍ ക്ലിനിക്കില്‍ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹീറ്റ് സ്‌ട്രോക്, നിര്‍ജലീകരണം, പരിക്കുകള്‍, ശ്വാസതടസ്സം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പനി, തളര്‍ച്ച, അമിത രക്തസമ്മര്‍ദം, ആസ്തമ, ശരീര വേദന, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം ലഭ്യമാക്കും. 2024 ലെ ഹജ് കാലത്തും മിനായില്‍ അബീര്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആയിരക്കണക്കിന് തീര്‍ഥാടകരാണ് അന്ന് അബീറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മിനായില്‍ ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍ പറഞ്ഞു. ഹജ് തീര്‍ഥാടകര്‍ക്കായി സൗദി അറേബ്യ ഒരുക്കുന്ന മികച്ച ആരോഗ്യ സേവനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ നഗരത്തിലേക്ക് തീര്‍ഥാടനത്തിനായി എത്തുന്നവര്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്‍കുന്നത് അബീറിന്റെ മാനുഷിക കാഴ്ചപ്പാടോടെയുള്ള സേവനത്തിന്റെ വിപുലീകരണമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.