റിയാദ് – സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനം ആഘോഷിച്ച് സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റു അറബ് രാജ്യങ്ങളിലെയും സിറിയന്‍ പ്രവാസികളും അഭയാര്‍ഥികളും. സൗദിയില്‍ റിയാദിലും മറ്റു നഗരങ്ങളിലും സിറിയന്‍ പ്രവാസികള്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പാട്ടുപാടിയും കൈകള്‍ കൊട്ടിയും വിജയചിഹ്നം ഉയര്‍ത്തിയും ആഘോഷത്തിൽ പങ്കെടുത്തു.
ആശംസകള്‍ അറിയിച്ചും ഹോണുകള്‍ അടിച്ചും നിരനിരയായി വാഹനങ്ങളില്‍ നീങ്ങി ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ചു. റിയാദില്‍ സുലൈമാനിയ ഡിസ്ട്രിക്ടിലായിരുന്നു പ്രകടനം.
തലസ്ഥാന നഗരിയായ ദമാസ്‌കസ് അടക്കം സിറിയയിലെ പ്രധാന നഗരങ്ങള്‍ക്ക് ഇന്നലെ ഉറക്കമില്ലാ രാത്രിയായിരുന്നു.
നഗരങ്ങളില്‍ ആയിരങ്ങള്‍ തടിച്ചുകൂടി ബശാര്‍ അല്‍അസദിന്റെ പതനം ആഘോഷിച്ചു. ആകാശത്തേക്ക് നിറയൊഴിച്ചും കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തിയും ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് കാറുകളിലും വാഹനങ്ങളിലും സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകി.