ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും ബന്ധിപ്പിക്കുന്ന സ്വഫ്വ-റഹീമ റോഡ് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള ഇരട്ട കടല്‍പാലമുണ്ട്. ഇത് സൗദിയിലെ ഏറ്റവും നീളം കൂടിയ കടല്‍പാലങ്ങളില്‍ ഒന്നാണ്. പുതിയ കടല്‍പാലം സ്വഫ്‌വക്കും റാസ് തന്നൂറക്കുമിടയില്‍ യാത്രാ സമയം കുറക്കും. ഇതുവഴിയുള്ള ഗതാഗതം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. ദഹ്റാന്‍-ബഖീഖ്-അബൂഹദ്‌രിയ മള്‍ട്ടി-ഡയറക്ഷണല്‍ റോഡിലെ ഇന്റര്‍ചേഞ്ചുകള്‍ വികസിപ്പിക്കുന്ന പദ്ധതിയും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയില്‍ അഞ്ച് പാലങ്ങളുടെ നിര്‍മ്മാണവും ലൈറ്റിംഗ്, മഴവെള്ള ഡ്രെയിനേജ് ജോലികളും ഉണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, റോഡ്‌സ് ജനറല്‍ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ബദര്‍ ബിന്‍ അബ്ദുല്ല അല്‍ദലാമി, തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. റോഡ് ഗുണനിലവാരം, ഗതാഗത പ്രവാഹം, സുരക്ഷാ നിലവാരം എന്നിവ മെച്ചപ്പെടുത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന റോഡ്, ഗതാഗതം, ലോജിസ്റ്റിക്‌സ് പദ്ധതികള്‍ എന്നിവ അടക്കം കിഴക്കന്‍ പ്രവിശ്യയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണാധികാരികള്‍ നല്‍കുന്ന ഗണ്യമായ പിന്തുണയെയും തുടര്‍ച്ചയായ ശ്രദ്ധയെയും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രശംസിച്ചു.
ഉദ്ഘാടനം ചെയ്യപ്പെട്ട റോഡും കടല്‍പാലവും റാസ് തന്നൂറ തുറമുഖത്തേക്ക് നേരിട്ടുള്ള കൂടുതൽ വഴികൾ തുറക്കുന്നതാണെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്വഫ്വയെയും റാസ് തന്നൂറയെയും ദമാം-ജുബൈല്‍ എക്സ്പ്രസ് വേ പോലുള്ള പ്രധാന റൂട്ടുകളുമായി ബന്ധിപ്പിക്കുന്ന ആധുനിക ഗതാഗത ശൃംഖലയുടെ സുപ്രധാന ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദഹ്റാന്‍-ബഖീഖ്-അബൂഹദ്‌രിയ റോഡ് ഇന്റര്‍ചേഞ്ച് വികസന പദ്ധതിയില്‍ ഏതാനും സര്‍വീസ് റാമ്പ് പാലങ്ങള്‍, ദിശാസൂചന എന്നിവ ഉള്‍പ്പെടുന്നു. ബഖീഖില്‍ നിന്ന് അബൂഹദ്‌രിയ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ക്കുള്ള റാമ്പ്, അബൂഹദ്‌രിയ റോഡില്‍ നിന്ന് കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കുള്ള മറ്റൊന്ന്, ബഖീഖിനെ ബഹ്റൈനുമായും അരാംകോയുടെ അജിയാല്‍ നഗരവുമായും ബന്ധിപ്പിക്കുന്ന റാമ്പുകള്‍, ബഹ്റൈനില്‍ നിന്നും കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സേവനം നല്‍കുന്ന റാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗതാഗത പ്രവാഹം വര്‍ധിപ്പിക്കുകയും സുപ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സൗദി റോഡ് കോഡിന്റെ ഉയര്‍ന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും സ്‌പെസിഫിക്കേഷനുകളും അനുസരിച്ചാണ് രണ്ട് പദ്ധതികളും നടപ്പാക്കിയത്. റോഡ് അടയാളപ്പെടുത്തലുകള്‍, ദിശാസൂചന ചിഹ്നങ്ങള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍, ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ ആവശ്യകതകളും നിറവേറ്റി. കിഴക്കന്‍ പ്രവിശ്യയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വികസനത്തെ പിന്തുണക്കാനും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഉയര്‍ന്ന നിലവാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം, റോഡ്‌സ് ജനറല്‍ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയുടെ സംയോജിത ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.



