റിയാദ് – തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.
ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യെമനിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും യെമനിയുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി വിധിച്ചു.
വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ യെമനി പൗരന്‍ റിയാദില്‍ സ്വന്തം നിലക്ക് പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് സ്ഥാപനം നടത്തുകയായിരുന്നു. ബിനാമി സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ ഏഴു രാജ്യങ്ങളുടെ കറന്‍സി ശേഖരവും സ്വര്‍ണ ബിസ്‌കറ്റുകളും സ്വന്തം നിലക്കാണ് സ്ഥാപനം നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും യെമനിയുടെ പക്കല്‍ കണ്ടെത്തിയിരുന്നു. സെയില്‍സ്മാന്‍ പ്രൊഫഷനിലുള്ള ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി ഈ പ്രൊഫഷന് നിരക്കാത്ത നിലക്ക് വന്‍തുകയുടെ സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ വഴി നടത്തിയതായും കണ്ടെത്തിയിരുന്നു.
ബിനാമി ബിസിനസ് സ്ഥാപനം നടത്താന്‍ കൂട്ടുനില്‍ക്കുന്നതിന് പകരം സൗദി പൗരന് ലാഭത്തിന്റെ 20 ശതമാനം കൈമാറുന്നതായും അന്വേഷണത്തിനിടെ യെമനി വ്യക്തമാക്കിയിരുന്നു. സൗദിയില്‍ ബിനാമി ബിസിനസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ ബിസിനസിലൂടെ കുറ്റക്കാര്‍ സമ്പാദിക്കുന്ന പണം കോടതി വിധി അടിസ്ഥാനത്തില്‍ കണ്ടുകെട്ടാനും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നു.