ജിദ്ദ – സൗദിയിലെ ഏതാനും പ്രവിശ്യകളില്‍ കണ്ടെത്തിയ വണ്ടുകളുടെ വലിയ വ്യാപനം മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഭീഷണിയല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പ്ലാന്റ് പെസ്റ്റ്‌സ് ആന്റ് അനിമല്‍ ഡിസീസസ് (വിഖാ) വ്യക്തമാക്കി. വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രാണികളുടെ വ്യാപനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സെന്ററിനു കീഴിലെ ഫീല്‍ഡ് മോണിറ്ററിംഗ് ടീമുകള്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കാരാബിഡേ കുടുംബത്തില്‍പ്പെട്ട വണ്ടുകള്‍ (എറ്റെറകാന്ത ഡിപ്രസ) ആണെന്നാണ് കണ്ടെത്തിയത്.
ഈ വണ്ടുകള്‍ പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കുന്നവയാണ്. പ്രയോജനകരവുമായ ജീവികളായാണ് ഇവയെ കണക്കാക്കുന്നത്. ചിത്രശലഭങ്ങള്‍, ലേഡിബേര്‍ഡുകള്‍ പോലുള്ള നിരവധി കീടങ്ങളെ ഇവ ഭക്ഷിക്കുന്നു. അതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. മഴയും സസ്യജാലങ്ങളുടെ വര്‍ധനവുമാണ് ഇവയുടെ ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. ഇത് പരിസ്ഥിതി മെച്ചപ്പെടുത്തലിനും കാട്ടുചെടികളില്‍ കീടങ്ങളുടെ വ്യാപനം തടയുന്നതിനും കാരണമായിട്ടുണ്ട്.
ഈ വണ്ടുകള്‍ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഒരു ദോഷവും വരുത്തുന്നില്ല. അവയെ നിയന്ത്രിക്കുന്നത് പാരിസ്ഥിതികമായി പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സംഭാവന നല്‍കുന്നതിനൊപ്പം ചില കാര്‍ഷിക കീടങ്ങളെ നിയന്ത്രിക്കുന്ന പ്രയോജനകരമായ വേട്ടക്കാരാണ് അവ. വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനാല്‍ വണ്ടുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളായ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, പൊതു സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുകയോ വെളിച്ചം കുറക്കുകയോ ചെയ്യണമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പ്ലാന്റ് പെസ്റ്റ്‌സ് ആന്റ് അനിമല്‍ ഡിസീസസ് ആവശ്യപ്പെട്ടു.