ജിസാൻ- മരുഭൂമിയിൽ വിവിധിയിനം വാഴക്കൃഷികളുമായി സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. ടിഷ്യു കൾച്ചർ വഴിയും രാജ്യത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി വാഴ ഇനങ്ങളുടെ പ്രചരണത്തിലൂടെയും വാഴത്തൈകളുടെ ഉത്പാദനം കാര്യക്ഷമമാക്കും. പ്രാദേശികമായി വാഴത്തൈകൾ ഉൽപ്പാദിപ്പിക്കും. ജിസാനിലാണ് വാഴക്കൃഷി കൂടുതൽ വ്യാപകമാക്കുന്നത്.
വാഴക്കൃഷി പ്രാദേശികവത്കരിക്കുന്നതിലൂടെ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ജി.ഡി.പിയുടെ വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. ഇതുവഴി സുസ്ഥിര വികസനം കൈവരിക്കാനുമാകം. സുസ്ഥിര കൃഷിയിലും ഭക്ഷ്യസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സൗദി വിഷൻ 2030-നെ പിന്തുണക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നത്.
മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒരുക്കിയ ഹരിതഗൃഹങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉയർന്ന ഗുണമേന്മയുള്ളതും രോഗബാധയില്ലാത്തതുമായ തൈകൾ വിജയകരമായി നട്ടുവളർത്തിയിട്ടുണ്ട്. കർഷകർക്കും കാർഷിക മേഖലക്കും കാര്യമായ ഗുണം ഇതുവഴി ലക്ഷ്യമിടുന്നു.
ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ നിക്ഷേപകരെ ആകർഷിക്കുന്നതായും മന്ത്രാലയും വ്യക്തമാക്കുന്നു. ഉയർന്ന പോഷകമൂല്യമുള്ള എല്ലാ ഇനങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കും.
മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, തൈകൾ ഇറക്കുമതി ചെയ്യുമ്പോൾ ഗണ്യമായ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഏകദേശം 25 ശതമാനാണ് നഷ്ടനിരക്ക്. പ്രാദേശികമായി തൈകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ നഷ്ടനിരക്കും കുറക്കാനാകും.
ഇതിന് പുറമെ, 45 ദശലക്ഷം ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കും. നാല് ദശലക്ഷം നാരങ്ങ തൈകളും കൃഷി ചെയ്യും. പുനരുപയോഗിക്കാവുന്ന വെള്ളം ഉപയോഗിച്ചാണ് നാരങ്ങാതൈകളുടെ കൃഷി. സൗദി ഗ്രീൻ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക.