റിയാദ് – സൗദി അറേബ്യയിലെ ഖിദ്ദിയ വിനോദ സമുച്ചയത്തിൽ ഒരുങ്ങുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായ ‘അക്വേറബിയ’ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. മാർച്ച് 20-ന് ആരംഭിച്ച ട്രയൽ റണ്ണിന്റെ ഭാഗമായി തിരഞ്ഞെടുത്ത അതിഥികൾക്കാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി പാർക്കിന്റെ പ്രവർത്തനക്ഷമതയും സേവനങ്ങളും വിലയിരുത്തുന്നതിനാണ് ഈ ഘട്ടം. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണെങ്കിലും പാർക്കിലെ എല്ലാ റൈഡുകളും ഭക്ഷണശാലകളും സന്ദർശകർക്കായി തുറന്നു നൽകിയിട്ടുണ്ട്.
ചെറിയ പെരുന്നാൾ അവധിക്കാലത്ത് സമീപത്തെ സിക്‌സ് ഫ്‌ലാഗ്‌സ് ഖിദ്ദിയ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുന്നവർക്ക് അക്വേറബിയയിലേക്കുള്ള പ്രിവ്യൂ ടിക്കറ്റുകൾ നേടാൻ നറുക്കെടുപ്പിലൂടെ അവസരമുണ്ടാകും. മാർച്ച് 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ സിക്‌സ് ഫ്‌ലാഗ്‌സ് സന്ദർശിക്കുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. അക്വേറബിയയുടെ ഔദ്യോഗിക ഉദ്ഘാടന തീയതിയും ടിക്കറ്റ് നിരക്കുകളും ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിവേഗ വാട്ടർ സ്ലൈഡുകൾ, കൂറ്റൻ വേവ് പൂളുകൾ, ഫാമിലി ഏരിയകൾ എന്നിവയ്ക്ക് പുറമെ 24 ഭക്ഷണശാലകളും പാർക്കിലുണ്ട്. 2025 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ സിക്‌സ് ഫ്‌ലാഗ്‌സ് പാർക്കിന് അനുബന്ധമായാണ് അക്വേറബിയ കൂടി സജ്ജമാകുന്നത്.



