ദമാം – ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐ.എം.ഡി) പുറത്തുവിട്ട ലോകത്തെ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഇടം നേടി കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറും. ലോകത്തെ 142 സ്മാര്‍ട്ട് സിറ്റികള്‍ അടങ്ങിയ പട്ടികയില്‍ അല്‍കോബാര്‍ 99-ാം സ്ഥാനത്താണ്. സൗദിയില്‍ നിന്ന് ലോക സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ നഗരമാണ് അല്‍കോബാര്‍. റിയാദ്, മക്ക, ജിദ്ദ, മദീന നഗരങ്ങളാണ് പട്ടികയില്‍ നേരത്തെ ഇടം പിടിച്ചത്.
ആരോഗ്യം, സുരക്ഷ, തൊഴില്‍-വിദ്യാഭ്യാസ അവസരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഭരണം, സാമ്പത്തികവും സാങ്കേതികവുമായ വശങ്ങളും മനുഷ്യ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കല്‍ എന്നീ മേഖലകളില്‍ നഗരങ്ങളുടെ വികസനം വിലയിരുത്തുന്നതിലാണ് ഐ.എം.ഡി സൂചിക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ സംവേദനാത്മകവും പൗരന്മാരോട് പ്രതികരിക്കുന്നതും, പൊതുസ്ഥലങ്ങളെ താമസക്കാരുടെ ആവശ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കുന്നതും ആക്കുന്നതിനു പുറമെ, വിഭവങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാണ് സ്മാര്‍ട്ട് സിറ്റികള്‍ ലക്ഷ്യമിടുന്നത്.
ലോക സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ഇടം നേടിയത് അല്‍കോബാറിലേക്ക് വിദേശ നിക്ഷേപങ്ങളും ബഹുരാഷ്ട്ര കമ്പനികളെയും പുതിയ പദ്ധതികളെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇത് അല്‍കോബാറില്‍ സാമ്പത്തിക വളര്‍ച്ച ശക്തമാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്മാര്‍ട്ട് സിറ്റികള്‍ സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും കൂടുതല്‍ മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുമെന്നും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും കിഴക്കന്‍ പ്രവിശ്യ വികസന അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ ഉമര്‍ അല്‍അബ്ദുല്ലത്തീഫ് പറഞ്ഞു.