മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞന്‍ അബൂശറആന്‍ അന്തരിച്ചു
ജിദ്ദ – ജ്യോതിശാസ്ത്രത്തിലും നക്ഷത്ര നിരീക്ഷണത്തിലും വലിയ പാരമ്പര്യം അവശേഷിപ്പിച്ച്, അറേബ്യന്‍ ഉപദ്വീപില്‍ ജ്യോതിശാസ്ത്ര മേഖലയിലെ മുന്‍നിരക്കാരനായ, അബൂശറആന്‍ എന്ന പേരിലറിയപ്പെടുന്ന മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞന്‍ മല്‍ഫി ബിന്‍ ശറആന്‍ അല്‍ഹര്‍ബി (96) അന്തരിച്ചു. 1929 ല്‍ ഹായില്‍ മരുഭൂമിയില്‍ ജനിച്ച അബൂശറആന്‍ സ്വന്തം ആട്ടിന്‍പറ്റത്തിനൊപ്പം മരുഭൂമിയോട് ചേര്‍ന്നുനില്‍ക്കുകയും അനന്തവിശാലമായ മരുഭൂമിയില്‍ നക്ഷത്രങ്ങള്‍ക്കു താഴെ കൂടാരത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തു. നഗരത്തിലെ ഇടുങ്ങിയ ചുമരുകള്‍ക്കുള്ളിലെ ജീവിതത്തെക്കാള്‍ വിശാലമായ മരുഭൂമിയിലെ കൂടാരത്തിലെ ജീവിതമാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ ഉയരത്തില്‍ ഒരു മേല്‍ക്കൂരയില്ല എന്നും ആട്ടിന്‍കൂട്ടത്തേക്കാള്‍ വിശ്വസ്തനായ ഒരു കൂട്ടുകാരനില്ല എന്നുമായിരുന്നു അബൂശറആന്റെ വീക്ഷണം.
തന്റെ നീണ്ട ജീവിതയാത്രയില്‍ അബൂശറാന്‍ ആകാശഗോളങ്ങളെ നിരീക്ഷിക്കാനും അവയുടെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാനും ഗണ്യമായ ശ്രമങ്ങള്‍ നടത്തി. ഹായിലിന്റെ കിഴക്കു മുതല്‍ സുല്‍ഫി വരെ വ്യാപിച്ചുകിടക്കുന്ന നഫൂദ് അല്‍തുവൈറാത്ത് മരുഭൂമിയില്‍ ഉദയ-അസ്തമയ ഋതുക്കളെ മഴ, ചൂട്, തണുപ്പ് എന്നിവയുടെ അവസ്ഥകളുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ അറിവ് ശേഖരിച്ചു. ഒടുവില്‍ അദ്ദേഹം ജ്യോതിശാസ്ത്രത്തില്‍ ബദൂയിനുകള്‍ക്കും നഗരവാസികള്‍ക്കും ഗവേഷകര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും അവലംബിക്കാവുന്ന വിജ്ഞാനകോശമായി മാറി.
ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം വിവാഹം കഴിച്ചില്ല. മുന്‍കാല പാരമ്പര്യങ്ങള്‍ നിരാകരിച്ച പ്രണയകാവ്യത്തോട് അദ്ദേഹം വിശ്വസ്തത പുലര്‍ത്തി. അതിനാല്‍ തന്റെ ആദ്യ പ്രണയവുമായി തന്നെ ഒന്നിപ്പിച്ച സ്ഥലത്തിനടുത്തു തന്നെ തുടരാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. അവിടെ നക്ഷത്രങ്ങളുടെ ചലനം മരുഭൂമിയിലെ മണലില്‍ രേഖപ്പെടുത്തുന്നത് അദ്ദേഹം തുടര്‍ന്നു. ചന്ദ്രന്റെ രാശികള്‍ അറിയുന്നവന് മഴയെ കുറിച്ച പ്രവചനം തെറ്റില്ല എന്ന പുരാതന കാലത്തെ പഴഞ്ചൊല്ല് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ ആവര്‍ത്തിച്ചു.
മൂന്നു വര്‍ഷം മുമ്പ് ഉണ്ടായ പക്ഷാഘാതത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും വൈകാതെ രോഗം തിരിച്ചുവന്നു. ഒരു രാത്രി പോലും ഒരു മേല്‍ക്കൂരക്കു കീഴില്‍ ഉറങ്ങിയിട്ടില്ലാത്ത അബൂശറആന്റെ ശബ്ദം അസുഖം എടുത്തുകളഞ്ഞു. ഹായില്‍ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ആ മെലിഞ്ഞ ശരീരം മരണത്തിന് കീഴടങ്ങി. മരുഭൂമിയിലെ ജ്യോതിശാസ്ത്രജ്ഞന്റെ വിയോഗത്തോടെ, രാജ്യത്തിന്റെ വാമൊഴി ജ്യോതിശാസ്ത്ര പൈതൃകത്തിലെ ഒരു അധ്യായത്തിന് തിരശ്ശീലയാവുകയാണ്. മണല്‍പരപ്പിന്റെ മധ്യത്തില്‍ നിന്ന് ആകാശം വീക്ഷിച്ച കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു.
ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന തന്റെ ജ്യോതിശാസ്ത്ര ജീവിതത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ അബൂശറആനെ ജ്യോതിശാസ്ത്ര വിദഗ്ധനായ ഡോ. ഖാലിദ് അല്‍സആഖ് അനുസ്മരിക്കുകയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. എന്റെ ആദ്യ ഗുരു അന്തരിച്ചു. എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ നക്ഷത്രങ്ങള്‍ എണ്ണാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. നക്ഷത്രങ്ങളെ കുറിച്ചുള്ള അറിവ് താന്‍ നേടിയവരില്‍ ഒരാളായിരുന്നു അബൂശറആന്‍.
മരുഭൂമിയുടെ ആഴങ്ങളില്‍ ബാല്യത്തിലും യൗവനത്തിലും ഇടക്കിടെ അബൂശറആനെ സന്ദര്‍ശിച്ച് ജ്യോതിശാസ്ത്രത്തിലും നക്ഷത്രങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ വിപുലമായ അറിവ് താന്‍ തേടിയിരുന്നു – എക്‌സിലെ തന്റെ അക്കൗണ്ടിലൂടെ ഡോ. ഖാലിദ് അല്‍സആഖ് പറഞ്ഞു. ജ്യോതിശാസ്ത്രത്തിലെ അറിവിനു പുറമെ, അദ്ദേഹത്തില്‍ നിന്ന് മനോഹരമായ പെരുമാറ്റവും സംസ്‌കാരവും ഉദാരതയും താന്‍ പഠിച്ചു. ജ്യോതിശാസ്ത്രത്തിലെ വിശാലമായ അറിവിനൊപ്പം മാന്യമായ സ്വഭാവവും സ്വഭാവഗുണവുമുള്ള ഒരു ശുദ്ധ വ്യക്തിയായിരുന്നു അബൂശറആന്‍ എന്നും ഡോ. ഖാലിദ് അല്‍സആഖ് അനുസ്മരിച്ചു.