ജിദ്ദ: ജിദ്ദയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ അടയാളങ്ങളില്‍ ഒന്നാണ് ചെങ്കടല്‍ ഓളപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അല്‍റഹ്മ മസ്ജിദ്. ആത്മീയതയും സമുദ്രത്തിന്റെ വശ്യമനോഹാരിതയും സമ്മേളിക്കുന്ന അല്‍റഹ്മ മസ്ജിദ് സന്ദര്‍ശകര്‍ക്ക് ദൃശ്യ വിസ്മയമൊരുക്കുന്നു. ലോകത്ത് സമുദ്രജലപരപ്പിൽ നിര്‍മിച്ച ആദ്യത്തെ മസ്ജിദാണിത്. അതിമനോഹരമായ കാഴ്ചയും വശ്യമനോഹരമായ കടൽദൃശ്യങ്ങളും ഇതിനെ വേറിട്ടു നിര്‍ത്തുന്നു. ജിദ്ദയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.
1985ൽ (ഹിജ്റ 1406) നിര്‍മിച്ച ഈ പള്ളിക്ക് 2,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഒഴുകുന്ന പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഈ പള്ളിയുടെ ആദ്യ പേര് ഫാത്തിമ മസ്ജിദ് എന്നായിരുന്നു. പിന്നീട് അല്‍റഹ്മ മസ്ജിദ് എന്നാക്കി മാറ്റുകയായിരുന്നു. ഒരേസമയം 2,300 വിശ്വാസികള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയുന്ന മസ്ജിദില്‍ പിന്‍ഭാഗത്ത് മധ്യത്തില്‍ മരത്തില്‍ നിര്‍മിച്ച സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലവുമുണ്ട്. ഇവിടെ 500 സ്ത്രീകള്‍ക്ക് ഒരേസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കും. അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങള്‍, ടോയ്ലറ്റുകള്‍ എന്നിവയുമുണ്ട്.

പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് പള്ളി രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്ജിദിന്റെ മധ്യത്തില്‍ ഇസ്‌ലാമിക അലങ്കാരങ്ങള്‍ കൊണ്ട് കമനീയമാക്കിയ എട്ട് തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയ താഴികക്കുടം വേറിട്ടുനില്‍ക്കുന്നു. ഇതിനു ചുറ്റുമായി 52 ചെറിയ താഴികക്കുടങ്ങളുണ്ട്. ഇവക്കു പുറമെ മുറ്റങ്ങളില്‍ വിശ്വാസികള്‍ക്ക് തണല്‍ നല്‍കുന്ന 23 കുടകളുമുണ്ട്. ഇസ്‌ലാമിക സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഉയര്‍ന്ന മിനാരവും പള്ളിക്കുണ്ട്.

നസ്ഖ്, റുഖ്അ, ദീവാനി തുടങ്ങിയ വിവിധ തരം ഇസ്‌ലാമിക ലിപികളില്‍ എഴുതിയ ഖുര്‍ആനിക ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ പള്ളിയുടെ ഉള്‍ഭാഗത്തെ ചുവരുകള്‍ക്ക് ചാരുത നല്‍കുന്നു. വലിയ താഴികക്കുടത്തിന് ചുറ്റും വര്‍ണ ചില്ലുകളുള്ള 56 ജനാലകള്‍ ഉണ്ട്. ചെങ്കടലിന്റെ അതിശയകരമായ കാഴ്ചയും ശാന്തമായ അന്തരീക്ഷവും അല്‍റഹ്മ മസ്ജിദിനെ വേറിട്ടു നിർത്തുന്നു. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും മാനത്തിന്റെ നിറങ്ങള്‍ ജലോപരിതലത്തില്‍ പ്രതിഫലിക്കുന്ന ആകര്‍ഷകമായ ദൃശ്യപശ്ചാത്തലം ഫോട്ടോകളെടുക്കാന്‍ അനുയോജ്യമായ സ്ഥലമാക്കി മസ്ജിദിനെയും പരിസരപ്രദേശങ്ങളെയും മാറ്റുന്നു. ആധുനിക ഇസ്‌ലാമിക വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യം വഹിച്ച് അല്‍റഹ്മ മസ്ജിദ് ജിദ്ദയുടെ ഹൃദയഭാഗത്ത് മിന്നിത്തിളങ്ങുന്നു.