ജിദ്ദ- സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്ക്കാരിക വിനിമയം ശക്തമാക്കാൻ റെഡ് സീ ഫിലിം ഫെസ്റ്റിവെൽ സഹായിക്കുന്നുവെന്ന് ബോളിവുഡ് താരം ഐശ്വര്യ റായ് പറഞ്ഞു. ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിലെ ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അവർ. നടിയായിരിക്കുമ്പോഴും അഭിഷേകിന്റെ ഭാര്യ ആയിരിക്കുമ്പോഴും ആരാധ്യയുടെ അമ്മ ആയിരിക്കുമ്പോഴും അടിസ്ഥാനപരമായി താനൊരു ഹ്യൂമണിസ്റ്റ് ആണെന്ന് ഐശ്വര്യ പറഞ്ഞു. കാൻസർ രോഗികൾക്കുള്ള പരിചരണത്തിലും സാന്ത്വന ചികിത്സയിലുമാണ് താൻ ഏറെ സംതൃപ്തി കണ്ടെത്തുന്നത്. സമൂഹമാധ്യമങ്ങൾ നല്ല രീതിയിലും മോശമായും ഉപയോഗപ്പെടുത്തുന്നവരുണ്ട്. എന്റെ മകൾ ആരാധ്യക്ക് ഇതേവരെ സമൂഹമാധ്യത്തിൽ എക്കൗണ്ടുമില്ല. മണി രത്നമാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ സ്വാധീനമാണ് തന്നെ ഇതേവരെ എത്തിച്ചതെന്നും ഐശ്വര്യ പറഞ്ഞു.
ഇന്ത്യൻ സ്ത്രീ സങ്കൽപ്പം എന്നും ശക്തവും കരുത്തുറ്റതുമാണ്. ഓരോ സിനിമയും എനിക്ക് വ്യത്യസ്ത അനുഭവമാണ്. ഏത് സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ ഏത് കുട്ടിയോടാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ പറ്റാത്തതുപോലെയാണെന്നും അവർ പറഞ്ഞു. നാദിയ ആയിരുന്നു അഭിമുഖം നടത്തിയത്.



