റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാദ്മി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ‘അഹ്‌ലന്‍ ദവാദ്മി 2025’ സംഘടിപ്പിച്ചു. ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം നീണ്ടു വിവിധ കലാപരിപാടികള്‍ അരങ്ങേറി. സൗദി ടൂറിസം കൗണ്‍സിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാദ്മി മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് മലയാളികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ദവാദ്മി മുനിസിപ്പാലിറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ആഘോഷ പരിപാടിയില്‍ ദവാദ്മിയിലെ വിവിധ വകുപ്പ് മേധാവികളും സ്വദേശികളും പ്രവാസികളുമടക്കം വന്‍ ജനാവലി സാക്ഷിയായി. വിവിധ രാജ്യക്കാര്‍ തമ്മിലുള്ള വടംവലി മത്സരം കാണികളെ ആവേശഭരിതരാക്കി. ടീം പാക്കിസ്ഥാന്‍ വടംവലിയില്‍ വിജയികളായി. ചെയര്‍മാന്‍ ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ഗായകന്‍ ഹാഷിം അബ്ബാസ്, ജി.സി.സി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട്, സാമൂഹിക പ്രവര്‍ത്തകന്‍ നിഅ്മത്തുല്ല, കേളി ദാവാദ്മി രക്ഷാധികാരി സെക്രട്ടറി ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, റാഫി പാങ്ങോട്, നിഅമത്തുല്ല, ഹുസൈന്‍, ഹാഷിം അബ്ബാസ്, അയ്തന്‍ റിതു എന്നിവരെ മുനിസിപ്പാലിറ്റി മേധാവി തുര്‍ക്കി വേദിയില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ മുസ്തഫ സ്വാഗതവും കെഎംസിസി ഏരിയ പ്രസിഡണ്ട് സിദ്ദീഖ് നന്ദിയും പറഞ്ഞു.
സൗദി ഗായകന്‍ ഹാഷിം അബ്ബാസ്, റിയാദില്‍ നിന്നുള്ള കുഞ്ഞിമുഹമ്മദും സംഘവും അവതരിപ്പിച്ച അറബിക്, ഹിന്ദി, നാടന്‍പാട്ടുകള്‍, ചെണ്ടമേളം , നാസിക് ഡോള്‍ , തെയ്യം, പരുന്താട്ടം, കാവടിയാട്ടം , മോഹിനിയാട്ടം, തുടങ്ങിയവ വേദിയില്‍ അരങ്ങേറി. വളയ നൃത്തത്തില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ കൊച്ചു കലാകാരി അയ്തന്‍ റിതുവിന്റെ പ്രകടനം ശ്രദ്ധേയമായി.