ജിദ്ദ – പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കും ലൈസന്‍സില്ലാത്ത വിദേശ സെലിബ്രിറ്റികളുടെയും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തിയ അഞ്ചു വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. സ്ഥാപന പ്രതിനിധികളെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയതായും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാനായി സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ പ്രത്യേക കമ്മിറ്റിക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു.
നിയന്ത്രണങ്ങള്‍ പൂര്‍ണ നിശ്ചയാര്‍ഢ്യത്തോടെ നടപ്പാക്കുന്നത് തുടരുമെന്നും മാധ്യമ നിയമ ലംഘനങ്ങളും ഓഡിയോവിഷ്വല്‍ മീഡിയ നിയമ വ്യവസ്ഥകളുടെ ലംഘനങ്ങളും അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതും തുടരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ പറഞ്ഞു.